തിരുവനന്തപുരം : കാലാവധി അവസാനിക്കാറായിട്ടും എച്ച്എസ്എ സോഷ്യല്‍ സയന്‍സ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കാതെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ ആണ് നിയമനം നീണ്ടുപോയത്. കൊവിഡിനെ തുടര്‍ന്ന് നഷ്ടപ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലയളവ് നീട്ടി നല്‍കണമെന്നും നിയമനം നടത്തണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.
എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 660-201ല്‍ 2012ലാണ് പി.എസ്.സി. നോട്ടിഫിക്കേഷന്‍ വിളിച്ചത്. 2016 ഒക്ടോബറിലായിരുന്നു പരീക്ഷ. റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് 2018ലുമാണ്. മെയിന്‍ ലിസ്റ്റിലും സപ്ലിമെന്ററിയിലുമായി നൂറോളം പേരുണ്ട്. ഇതില്‍ 12 പേരെ മാത്രമാണ് നിയമിച്ചത്. ഇടുക്കിയില്‍ ഇതേ വിഭാഗത്തില്‍ നിലവില്‍ 16 ഒഴിവുകള്‍ ഉണ്ടെങ്കിലും ഇവ നികത്താന്‍ തയാറാകുന്നില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.
നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി ഓഗസ്റ്റ് 27ന് തീരുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികളുടെ ഗവണ്‍മെന്റ് ജോലി എന്ന പ്രതീക്ഷ അസ്തമിക്കുകയാണ്. ഇതേ സമയത്ത് നോട്ടിഫിക്കേഷന്‍ വന്ന് മറ്റു പല റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ്.ടി വിഭാഗത്തിനും നിയമനം ലഭിച്ചിട്ടില്ല. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പല ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനി പി.എസ്.സി പരീക്ഷ എഴുതാനും സാധിക്കില്ല. നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടി നല്‍കണമെന്നും ഒഴുവുകളില്‍ ഉടന്‍ നിയമനം നടത്തണമെന്നുമാണ് റാങ്ക് ലിസ്റ്റില്‍പ്പെട്ടവരുടെ ആവശ്യം.