ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ സംരക്ഷണത്തെ കുറിച്ചുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ വിവാദത്തിലായിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. ഹുസൈന്‍ ഒബാമമാരെ പോലെ നിരവധി പേര്‍ ഇന്ത്യയിലുണ്ടെന്നും അവരെയെല്ലാം പോലീസ് ‘കൈകാര്യം’ ചെയ്യുമെന്നുമായിരുന്നു ഹിമന്ത ബിശ്വശര്‍മയുടെ വിവാദ പ്രസ്താവന. ഈ പ്രസ്താവന ഹിമന്ത നടത്താനുണ്ടായ സാഹചര്യമാകട്ടെ, മാധ്യമപ്രവര്‍ത്തക രോഹിണി സിങിന് നല്‍കിയ ഒരു ട്വീറ്റിലെ മറുപടിയാണ്. ട്വീറ്റിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.
ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലിം വിഭാഗങ്ങളുടെ അവകാശം സംരക്ഷിച്ചില്ലെങ്കില്‍ ഇന്ത്യ പലതായി ചിതറി പോകുമെന്നും ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമ്പോള്‍ ഇതേക്കുറിച്ചാണ് യുഎസ് പ്രസിഡന്റ് ചോദിക്കേണ്ടതെന്നുമായിരുന്നു സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒബാമയുടെ വാക്കുകള്‍. ഈ വിഡിയോ പങ്കുവച്ചുകൊണ്ട്, ഗുവാഹത്തി പോലീസ് ഒബാമയ്‌ക്കെതിരെ കേസെടുക്കുമോ എന്നാണ് രോഹിണി സിങ് ചോദിച്ചത്. ഈ ട്വീറ്റിനാണ് ഹിമന്ത ബിശ്വശര്‍മ മറുപടി നല്‍കിയത്.