കോന്നി : കുട്ടവഞ്ചി തൊഴിലാളികളുടെയും ഇക്കോ ടൂറിസം ജീവനക്കാരുടെയും പന്ത്രണ്ട് ദിവസത്തോളം നീണ്ട സമരത്തിന് ശേഷം കുട്ടവഞ്ചി സവാരി കേന്ദ്രം വീണ്ടും തുറന്നപ്പോൾ അടവിയിലും മണ്ണീറ വെള്ളച്ചാട്ടത്തിലും കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും വലിയ തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം ജനപ്രതിനിധികളുടെയും ട്രെഡ് യൂണിയൻ നേതാക്കളുടെയും സാന്നിധ്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളികളും സംയുക്തമായി ചേർന്ന യയോഗത്തിലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുവാൻ തീരുമാനമായത്. രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ആണ് കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തിയത്.
രാവിലെ കോന്നി ആനത്താവളത്തിൽ എത്തിയ ശേഷമാണ് കുട്ടവഞ്ചികയറുവാൻ സഞ്ചാരികൾ എത്തിയത്. മഴപെയ്ത് ജല സമൃദ്ധമായ കല്ലാറിന്റെ പരിസരത്ത് രാവിലെ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു എങ്കിലും പല ദിക്കുകളിൽ നിന്ന് എത്തിയ വിനോദ സഞ്ചാരികൾ സവാരി നടത്തി മണ്ണീറ വെള്ളച്ചാട്ടവും കണ്ട് മടങ്ങി. അവധി ദിനങ്ങൾ ആയതിനാൽ കുട്ടികളുമായാണ് മുതിർന്നവർ എത്തിയത്. മണ്ണീറ വെള്ളച്ചാട്ടം കാണാൻ എത്തിയവർ കണ്ണീരുപോലെ തെളിഞ്ഞ വെള്ളത്തിൽ കുളിയും കഴിഞ്ഞ് മനസ്സും ശരീരവും തണുപ്പിച്ചാണ് മടങ്ങിയത്. ദിവസങ്ങളായി കുട്ടവഞ്ചി സവാരി കേന്ദ്രം അടഞ്ഞു കിടന്നിരുന്നത് വനം വകുപ്പിന് വലിയ വരുമാന നഷ്ടമാണ് വരുത്തിവെച്ചത്.
അവധിക്കാലം കൂടി ആയതിനാൽ ഒട്ടനവധി ആളുകൾ വന്നു പോകേണ്ട സഥലം കൂടി ആയിരുന്നു അടവി. 60 വയസ് കഴിഞ്ഞ തൊഴിലാളികളെ പിരിച്ചു വിടും എന്ന വനം വകുപ്പ് ഉത്തരവിനെ തുടർന്നാണ് തൊഴിലാളികൾ അനശ്ചിതകാല സമരം ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കോന്നി എംഎൽയും ട്രേഡ് യൂണിയൻ നേതാക്കളും തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സംയുക്തമായി പങ്കെടുത്ത യോഗത്തിൽ ആണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്. വരും ദിവസങ്ങളിൽ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്തും എന്നാണ് അധികൃതരുടെ പ്രതീക്ഷ