ധാക്ക: ഇന്ധനവില 52% വരെ ഉയർത്തിയതിനെ തുടർന്ന് ബംഗ്ലാദേശിൽ ജനം ഇന്ധന സ്റ്റേഷനുകൾ ഉപരോധിച്ചു. ആദ്യമായാണ് ഒറ്റയടിക്ക് ഇന്ധനവിലയിൽ ഇത്രയും വർധനവുണ്ടാകുന്നത്. യുക്രൈൻ- റഷ്യ പ്രതിസന്ധിയാണ് ഇന്ധന വില വർധനവിന് കാരണമെന്ന് സർക്കാർ വിശദീകരിച്ചു. അർദ്ധരാത്രി മുതൽ പെട്രോൾ വില 51.7 ശതമാനവും ഡീസലിന് 42.5 ശതമാനവും വർധിച്ചു. ഉയർന്ന വില പ്രാബല്യത്തിൽ വരുന്നതിന് മുമ്പായി ജനം ഇന്ധന പമ്പുകളിലേക്ക് ഇരച്ചെത്തി. പലയിടത്തും തിരക്ക് നിയന്ത്രിക്കാനാകാത്തതിനാൽ വിൽപ്പന താൽക്കാലികമായി നിർത്തി വെക്കേണ്ടി വന്നു. തുടർന്ന് പലയിടത്തും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
ഗതാഗതത്തിനും കൃഷി ജലസേചനത്തിനുമായി ഡീസൽ ഉപയോഗിക്കുന്ന രാജ്യത്തെ ദശലക്ഷക്കണക്കിന് ദരിദ്രരെ വില വർധനവ് പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സിൽഹറ്റിൽ, വർധന പ്രഖ്യാപിച്ച ഉടൻ തന്നെ ചില്ലറ വ്യാപാരികൾ ഉയർന്ന വില ചുമത്താൻ ശ്രമിച്ചതായി പോലീസ് കമ്മീഷണർ എംഡി നിഷാറുൽ ആരിഫ് പറഞ്ഞു. സിൽഹറ്റ് നഗരത്തിലെ എല്ലാ ഇന്ധന പമ്പുകൾക്കും മുന്നിൽ ആളുകൾ ഒത്തുകൂടി പ്രതിഷേധിച്ചു. മറ്റ് നഗരങ്ങളിലും സമാനമായ പ്രതിഷേധം നടന്നു. ആഗോള വിപണിയാണ് വിലവർധിക്കാൻ കാരണമെന്ന് ഊർജ മന്ത്രി നസ്രു ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു.
പവർ, എനർജി, മിനറൽ റിസോഴ്‌സസ് മന്ത്രാലയത്തിന്റെ വിലവിജ്ഞാപനം അനുസരിച്ച് പെട്രോൾ വില 44 ടാക്ക വർധിച്ച് 130 ടാക്കയിലെത്തി. ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില 42.5 ശതമാനം വർധിച്ച് 114 ടാക്കയായി. പൊതുമേഖലാ വിതരണ കമ്പനികളുടെ സബ്‌സിഡി ഭാരം കുറയ്ക്കുന്നതിനായാണ് വിലയിൽ വർധനവുണ്ടായതെന്നാണ് വിശദീകരണം. സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ധനവിലയിൽ ഒറ്റയടിക്കുണ്ടാകുന്ന ഏറ്റവും വലിയ വർധനവാണിത്. ഇന്ധന വില വർദ്ധനവ് പണപ്പെരുപ്പം വഷളാക്കുമെന്ന് വിദഗ്ധർ പറഞ്ഞു. ജൂണിൽ 7.56 ശതമാനമാണ് ബംഗ്ലാദേശിലെ പണപ്പെരുപ്പം.