ആഡംബര സ്‌പോര്‍സ് ബൈക്കുകളില്‍ ഏറ്റവും ജനപ്രിയമായവരുടെ പട്ടികയില്‍ ആണ് ഡ്യുക്കാറ്റിയുടെ സ്ഥാനം. പുതുമയുള്ള രൂപകല്‍പനയും വിശ്വാസ്യതയും ഉയര്‍ന്ന കരുത്തുമെല്ലാമാണ് ഡ്യൂക്കാറ്റിയുടെ ജനപ്രിയതക്ക് ആധാരം. ഈ വര്‍ഷം ഒക്ടോബറില്‍ ആണ് ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ വി4 റാലി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 29.72 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. 30 ലിറ്ററിന്റെ ഇന്ധന ടാങ്കോടെയാണ് മള്‍ട്ടിസ്ട്രാഡ എത്തിയത്. ട്രയംഫ് ടൈഗര്‍ 1200 റാലി എക്‌സ്‌പ്ലോറര്‍, കവാസാക്കി വെര്‍സിസ് 1000, ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ എന്നിവയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് ഡ്യുക്കാറ്റി ഈ പതിപ്പ് പുറത്തിറക്കിയത്.
മള്‍ട്ടിസ്ട്രാഡ പുറത്തിറക്കി ഒരു മാസം തികയും മുന്‍പ് ബൈക്ക് പ്രേമികള്‍ക്ക് ആവേശകരമായ പ്രഖ്യാപനവുമായാണ് ഡ്യുക്കാറ്റി ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഡ്യുക്കാറ്റിയുടെ മിഡില്‍ വെയ്റ്റ് നേക്കഡ് മോട്ടോര്‍സൈക്കിളായ മോണ്‍സ്റ്ററിന് വമ്പന്‍ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 12.95 ലക്ഷം രൂപയായിരുന്ന ബൈക്കിന്റെ പ്രാരംഭ വില ഇപ്പോള്‍ 10.99 ലക്ഷം രൂപയായി കുറഞ്ഞു. അതേസമയം ഈ ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പെട്ടെന്ന് തന്നെ തങ്ങളുടെ ബുക്കിംഗ് ഉറപ്പാക്കേണ്ടി വരും. നവംബര്‍ 30-നകം ബൈക്ക് റിസര്‍വ് ചെയ്യുന്നവരോ വാങ്ങുന്നവരോ ആണെങ്കിൽ ഡ്യുക്കാറ്റി മോണ്‍സ്റ്ററിന്റെ ഈ പ്രത്യേക വില ലഭ്യമാകും. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, 4.3 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി പാനല്‍, കോര്‍ണറിംഗ് എബിഎസ്, പവര്‍ ലോഞ്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് മോണ്‍സ്റ്ററിന് മാറ്റ് കൂട്ടുന്ന ഘടകങ്ങള്‍. 9250 ആര്‍പിഎമ്മില്‍ 110 ബിഎച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 93 എന്‍എമ്മും സൃഷ്ടിക്കുന്ന 937സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ മോണ്‍സ്റ്ററിന് കരുത്തേകുന്നു. കൂടാതെ സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ചും മുകളിലേക്കും താഴേക്കും വേഗത്തില്‍ ഷിഫ്റ്റ് ചെയ്യാവുന്ന 6 സ്പീഡ് ഗിയര്‍ബോക്‌സും ബൈക്കിന്റെ സവിശേഷതയാണ്. ഡ്യുക്കാറ്റി നേക്കഡ് സ്പോര്‍ട്സ് ബൈക്കിന് 4.3 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി പാനല്‍, ഡൈനാമിക് ടേണ്‍ സിഗ്‌നലുകള്‍, മൊബൈല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള യുഎസ്ബി കണക്റ്റര്‍, എബിഎസ്, പവര്‍ ലോഞ്ച് എന്നിവയുണ്ട്.