പാറ്റ്‌ന : ബിസ്കറ്റ് ബ്രാന്‍ഡായ പാര്‍ലെയുടെ പേരില്‍ പ്രചരിച്ച വാര്‍ത്ത മൂലം ബിസ്‌ക്കറ്റിന് ആവശ്യക്കാർ ഏറുന്നു. ബീഹാറിലെ ജിതിയ എന്ന് പേരുള്ള ഒരു വ്രതവുമായി ബന്ധപ്പെട്ട വാർത്ത പ്രചരിച്ചതോടെ പാര്‍ലെയ്ക്ക് വൻ ഡിമാന്റ് ആണിപ്പോൾ. ബിസ്കറ്റ് വാങ്ങാന്‍ പല ഷോപ്പുകളുടെ മുന്നിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു.
ജിതിയ വ്രതത്തില്‍ ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്കറ്റ് കഴിക്കാന്‍ വിസമ്മതിച്ചാല്‍ ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. സംസ്ഥാനത്തെ ഹൈന്ദവര്‍ വര്‍ഷം തോറും എടുക്കുന്ന വ്രതമാണ് ജിവിത്പുത്രിക വ്രതം അഥവാ ജിതിയ വ്രതം. ഈ ദിനത്തില്‍ കുട്ടികളുടെ ദീര്‍ഘായുസിനും ആരോഗ്യകരവും സമൃദ്ധവുമായ ജീവിതത്തിനായി അമ്മമാര്‍ 24 മണിക്കൂര്‍ ഉപവസിക്കുന്നു.
എന്തായാലും ഈ സംഭവത്തോടെ ഭൂരിഭാഗം കടകളിലെയും പാര്‍ലെ ജി ബിസ്കറ്റുകള്‍ നിമിഷനേരം കൊണ്ട് വിറ്റഴിയുകയും ചെയ്തു. ആവശ്യം മുതലാക്കി പലരും ബിസ്കറ്റ് കരിഞ്ചന്തയിലും വില്‍പന നടത്തി. 5 രൂപ വിലയുള്ള ബിസ്കറ്റിന് 50 രൂപയാണ് കരിഞ്ചന്തയില്‍ ഈടാക്കിയത്.