തൃശ്ശൂർ: കനത്ത മഴയില്‍ തൃശൂര്‍ പെരിങ്ങാവില്‍ കൂറ്റന്‍മരം കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. പുലര്‍ച്ചെ മൂന്നു മണിയ്ക്കു വീണ മരം മുറിച്ചുമാറ്റാന്‍ ഫയര്‍ഫോഴ്സ് വന്നതാകട്ടെ 10 മണിക്കൂറിനു ശേഷം. അതും, മേയറും കൗണ്‍സിലറും പരാതി പറഞ്ഞ് ജില്ലാ ഭരണകൂടം ഇടപ്പെട്ട ശേഷമായിരുന്നു ഫയര്‍ഫോഴ്സിന്റെ വരവ്. ഷൊര്‍ണൂര്‍ റോഡിനോട് ചേര്‍ന്ന പൊതുമരാമത്തു റോഡിന്‍റെ ഭാഗത്താണ് മരംവീണത്. ഷൊര്‍ണൂര്‍ റോഡിലും ഗതാഗത കുരുക്കുണ്ടായി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റന്‍ മരമാണ് വീണത്. നൂറു വര്‍ഷത്തെ പഴക്കമുണ്ട് മരത്തിന്. രാവിലെ ആറു മണിയോടെ ഡിവിഷന്‍ കൗണ്‍സിലര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു.
പക്ഷേ, മരംമുറിച്ചു മാറ്റാന്‍ മാത്രം വരില്ലെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കൗണ്‍സിലറോട് പറഞ്ഞു. സ്ഥലത്തെത്തിയ മേയര്‍ എം.കെ.വര്‍ഗീസ് ഫയര്‍ഫോഴ്സിനെ രൂക്ഷമായി വിമര്‍ശിച്ചു. പിന്നാലെ, ജില്ലാഭരണകൂടം ഇടപ്പെട്ടു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വെറുംകയ്യോടെ വന്നു. സ്വകാര്യ വ്യക്തി ആറായിരം രൂപ നല്‍കി ഏര്‍പ്പാടാക്കിയ മരംമുറിക്കാര്‍ മരംമുറിച്ചു മാറ്റി. പെരിങ്ങാവ്, ചോറൂര്‍ റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചപ്പോള്‍ സംഭവം നടന്ന് പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞിരുന്നു. വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും.