പത്തനംതിട്ട : ജില്ലയ്ക്ക് പുതു ചലച്ചിത്ര സംസ്കാരം പകരുകയാണ് നഗരസഭ സംഘടിപ്പിച്ച ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേള. നഗരത്തിൽ ഒരുക്കിയ ചലച്ചിത്ര പൂരത്തെ ആസ്വാദക പങ്കാളിത്തം വൻവിജയമാക്കി. മനുഷ്യ ജീവിതം ചാലിച്ചെഴുതിയ ചിത്രങ്ങൾ ഭാഷാഭേദമില്ലാതെ ജനഹൃദയം കീഴടക്കി. സിനിമ കണ്ടും ആസ്വദിച്ചും ചർച്ച ചെയ്തും പലയിടങ്ങളിൽ നിന്ന് എത്തിയ മനുഷ്യർ ചലച്ചിത്രമേളയുടെ കുടക്കീഴിൽ ഒന്നായി. റഷ്യൻ ചിത്രം ബാറ്റിൽഷിപ്പ് പോട്ടംകിൻ, പത്തനംതിട്ടക്കാരൻ സുനിൽ മാലൂരിന്റെ വലത്തെ പറവകൾ എന്നിവ രാവിലത്തെ ശ്രദ്ധാ കേന്ദ്രങ്ങളായി. ഗെറ്റിങ് ഹോം, ഏക് ദിൻ അചാനക്, അമൂർ, വാസ്തുഹാര, നന്മകൾ നേരത്ത് മയക്കം, കപെർനിയം, നവംബറിന്റെ നഷ്ടം, മെർകു തൊഡർചി മലൈ, കോൺഗ്രനേറ്റ് ഓർ രണ്ടാം പ്രദർശനം എന്നിവ നടന്നു.
വൈകുന്നേരത്തെ പ്രദർശിപ്പിച്ച ഡോ. ബിജുവിനെ അദൃശ്യജാലകങ്ങൾ, പത്മരാജൻ ചിത്രം നവംബറിന്റെ നഷ്ടം, കെജി ജോർജിൻറെ യവനിക എന്നിവയ്ക്കൊപ്പം കിം കി ഡൂക്ക് ചിത്രം സ്പ്രിംഗ്, സമ്മർ, ഫോൾ, വിൻ്റർ ആൻ്റ് സ്പ്രിംഗിൻ്റെ രണ്ടാം പ്രദർശനവും ആസ്വാദക പങ്കാളിത്തം കൊണ്ട് വൻ വിജയമായി. മുതിർന്ന ചലച്ചിത്രകാരന്മാരും സിനിമാ വിദ്യാർത്ഥികളും ഒരുപോലെ ആസ്വാദകരായി എത്തി മനുഷ്യനെ ഒന്നാക്കുന്ന കലയുടെ സംസ്കാരം നഗരത്തിന് പകർന്നു. സംവിധായകരോടും അണിയറ പ്രവർത്തകരോടും വിയോജിപ്പുകൾ തുറന്നു പറഞ്ഞും അഭിനന്ദിച്ചും സെൽഫിയെടുത്തും കാണികൾ സിനിമയുടെ ഭാഗമായി. ഓപ്പൺ ഫോറത്തിലും സെമിനാറിലും നടന്ന ചൂടു പിടിച്ച രാഷ്ട്രീയ സംവാദങ്ങൾ മേളയുടെ രണ്ടാം ദിവസത്തെ അർത്ഥഗർഭമാക്കി. അവധി ദിവസമായ നാളെ (10/11/24) കൂടുതൽ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു.