ദോഹ : ഖത്തറിന് പുറത്തേക്കുള്ള വാഹന യാത്രക്ക് ആവശ്യമായി എക്സിറ്റ് പെർമിറ്റ് നടപടികൾ കൂടുതൽ എളുപ്പമാക്കി സർക്കാർ ഇ ഗവൺമെന്റ് പോർട്ടലായ ഹുകൂമി. രാജ്യത്തിന് പുറത്തേക്ക് ഉടമയല്ലാതെ മറ്റാരെങ്കിലും വാഹനമോടിക്കുന്നതിനുള്ള എക്സിറ്റ് പെർമിറ്റ് നടപടികൾ ഒാൺലൈനിലൂടെ ഇതുപ്രകാരം കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ മെട്രാഷ് 2 ആപ്പ് വഴിയോ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
ഒരു യാത്രക്കുള്ള എക്സിറ്റ് പെർമിറ്റിന് അഞ്ചു റിയാലാണ് ഫീസ്. മൂന്ന് മാസത്തിനുള്ളിൽ ഒന്നിലധികം യാത്ര ചെയ്യുന്നുവെങ്കിൽ 25 റിയാൽ ഫീസ് അടക്കാം. ആറ് മാസത്തിനുള്ളിൽ ഒന്നിലധികം യാത്രക്ക് അഞ്ച് റിയാലും നൽകണം. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ഉപയോക്താക്കൾക്ക് സ്മാർട്ട് കാർഡ് ഉണ്ടായിരിക്കണമെന്ന് ഹുകൂമി അറിയിച്ചു. അതേസമയം, ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്പ് വഴിയും എല്ലാ സമയവും ലഭ്യമായ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.