ഏഴംകുളം : ഭൂമാഫിയയുടെ ഭീഷണി നിലനില്‍ക്കുന്ന തേപ്പുപാറയിലെ കുന്നുകള്‍ സംരക്ഷിക്കാന്‍ മനുഷ്യച്ചങ്ങല സൃഷ്‌ടിക്കാന്‍ തൊടുവക്കാട് വാര്‍ഡ് കുന്ന് സംരക്ഷണ സമതി തീരുമാനിച്ചു. ചീരംകുന്ന് മല മുതല്‍ വേളമുരുപ്പ് മല വരെയുള്ള ഭാഗത്താണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ചീരംകുന്ന് മലയുടെ അടിവാരമായ തേപ്പുപാറ പോസ്‌റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ സമരം ആരംഭിച്ച് വേളമുരുപ്പിന്റെ ഭാഗമായ കാവാടി കുരിശടി വരെയുള്ള റോഡിന്റെ വശത്താണ് മനുഷ്യചങ്ങല തീര്‍ക്കുന്നത്. ജനപ്രതിനിധികള്‍, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍, പുരോഹിതന്‍മാര്‍, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ 21 ന് വൈകിട്ട് നാലിന് നടത്തുന്ന മനുഷ്യ ചങ്ങലയില്‍ കണ്ണികളാക്കുമെന്ന് തൊടുവക്കാട് വാര്‍ഡ് കുന്ന് സംരക്ഷണസമിതി ചെയര്‍മാന്‍ വിജയന്‍ നായര്‍, കണ്‍വീനര്‍ വിജു രാധാകൃഷ്‌ണന്‍ എന്നിവര്‍ അറിയിച്ചു.
ജില്ലാ ദുരന്ത നിവാരണ വകുപ്പ് എല്ലാവര്‍ഷവും ഉരുള്‍പൊട്ടല്‍ സാദ്ധ്യതാ പ്രദേശമായി പ്രഖ്യാപിക്കുന്ന മേഖലയില്‍ നിന്നും വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുവാനാണ് ശ്രമം നടക്കുന്നത്. അഞ്ച് ഏക്കറിലധികം വരുന്ന കുന്നിടിച്ച് മണ്ണ് എടുക്കുന്നതിന്റെ ഭാഗമായി ഭൂമിയില്‍ മഞ്ഞക്കുറ്റിയും സ്ഥാപിച്ചു. തേപ്പുപാറയിലെ കുന്നുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാലയും കാവ്യ പ്രതിരോധവും അടൂരിലെ മൈനിങ് ജിയോളജി ജില്ല ഓഫീസിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. തേപ്പുപാറയിലെ കുന്നുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി, മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, ജില്ലാ കലക്‌ടര്‍, ജിയോളജിസ്‌റ്റ് ഉള്‍പ്പെടെ ഉള്ളവര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാന മനുഷ്യാവകാശകമ്മിഷന്‍ ഇത് സംബന്ധിച്ച് കേസും എടുത്തിട്ടുണ്ട്. ഏഴംകുളം ഗ്രാമപഞ്ചായത്ത് ഭരണസമതി തൊടുവക്കാട് വാര്‍ഡില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ യോഗം വിളിച്ച് ചേര്‍ത്ത് തേപ്പുപാറയിലെ കുന്നുകള്‍ സംരക്ഷിക്കണമെന്ന പ്രമേയവും പാസാക്കിയിരുന്നു.