ചിറ്റൂർ : പോലീസ് സ്റ്റേഷൻ മാർച്ചിനിടെ സർക്കിൾ ഇൻസ്പെക്ടറെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ചതിന് മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ. എൻ.സി.എച്ച്.ആർ.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി (58) യെയാണ് ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആദിവാസിയുവാവിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. വിപിൻദാസിനെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ചെന്നാണ് പരാതി.
സി.ഐ. ചിറ്റൂർ എ.എസ്.പി പദംസിങ്ങിന് നൽകിയ പരാതിയെത്തുടർന്നാണ് വെള്ളിയാഴ്ച മൂന്നുമണിക്ക് ശിവൻകുട്ടിയുടെ ചിറ്റൂർ താലൂക്ക് ആശുപത്രിക്കുസമീപമുള്ള നെടുങ്ങോട്ടിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ജൂലായ് 24-ന് ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ശിവരാജൻ മീങ്കരഡാമിൽമുങ്ങിമരിച്ചിരുന്നു. സംഭവത്തിൽ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് ഉന്നത പോലീസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്.
തുടർന്നുനടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ സി.ഐ.യെ പരസ്യമായി ജാതിപ്പേര് വിളിച്ചെന്നാണ് പരാതി. ശിവൻകുട്ടിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചിറ്റൂർ പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഇവരെ പോലീസ് പിന്നീട് അറസ്റ്റുചെയ്ത് നീക്കി. ഉപരോധിച്ചതിന് 36 പേർക്കെതിരേ പോലിസ് കേസെടുത്തു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശിവൻകുട്ടിയെ മണ്ണാർക്കാട് എസ്.സി.-എസ്.ടി. കോടതി ചാർജുള്ള മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി ആലത്തൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു.