താമരശ്ശേരി : വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാർക്കെതിരെ താമരശ്ശേരി പോലീസ് ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്. അമ്പായത്തോടിൽ ഫൗസിയയെന്ന യുവതിയെ നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ വടിയെടുത്തടിച്ചും കല്ലെറിഞ്ഞും ഓടിച്ചവർക്കെതിരെയാണ് കേസ്. തന്നെ പരിക്കേൽപ്പിച്ചതായി ഉടമസ്ഥൻ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി. പരിക്കേറ്റ യുവതിക്ക് നായ്ക്കളുടെ ഉടമസ്ഥനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കലക്ടറോട് ഉത്തരവിട്ടു.
വെഴുപ്പൂർ എസ്റ്റേറ്റിലെ മീനംകുളത്തുചാൽ ബംഗ്ലാവിൽ റോഷനാണ് വളർത്തുനായ്ക്കളുടെ ഉടമ. യുവതിയെ കടിച്ചുകീറുകയായിരുന്ന നായ്ക്കളെ നാട്ടുകാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ വടികൊണ്ടുള്ള അടിയേറ്റ് റോഷന്‍റെ തോളെല്ലിന് പരിക്കേറ്റിരുന്നു. ഈ സംഭവത്തിലാണ് കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പോലീസ് കേസെടുത്തത്. വളർത്തുമൃഗം ആക്രമിച്ചാലുള്ള ഐ.പി.സി 289 വകുപ്പും പരിക്കേൽപ്പിച്ചതിന് 324 വകുപ്പും ചുമത്തിയാണ് റോഷനെതിരെ കേസെടുത്തത്. ഉടമക്കെതിരെ നിസ്സാരവകുപ്പ് ചുമത്തിയപ്പോൾ നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. സംഭവത്തിൽ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത റോഷനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
മദ്രസയിൽ നിന്ന് മടങ്ങുന്ന മകനെ കാത്തുനിൽക്കവേയാണ് ചങ്ങലയ്ക്കിടാതെ അഴിച്ചുവിട്ട നായ്ക്കൾ ഫൗസിയയെ ആക്രമിച്ചത്. സംഭവ സമയത്ത് റോഷൻ എയർപിസ്റ്റളുമായാണെത്തിയതെന്നും ആരോപണമുണ്ട്. അടിയേറ്റ് റോഷന്റെ എല്ല് തകർന്ന സാഹചര്യത്തിൽ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള സ്വാഭാവിക നടപടിയാണ് തങ്ങൾ സ്വീകരിച്ചതെന്നാണ് പോലീസ് പറയുന്നത്.