തിരുവനന്തപുരം : മെഡിക്കൽ ബിരുദമില്ലാത്തയാൾ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നുവെന്ന ആരോപണത്തെക്കുറിച്ച് കേരള മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്റ്റ് 2021 ന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. ആക്റ്റിലെ സെക്ഷൻ 42, 43 പ്രകാരം റോബിൻ ഗുരുസിംഗ് എന്ന വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ 2021 ൽ നൽകിയ ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ ഒരു മാസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ആക്റ്റിലെ സെക്ഷൻ 40, 41, 42, 43 പ്രകാരം ആരോപണവിധേയനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നത് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
തലസ്ഥാനത്തെ ചാക്കയിലാണ് വ്യാജ ഡോക്ടർ പരസ്യ ബോർഡ് സ്ഥാപിച്ചതെന്ന് എ. ശ്രീകുമാർ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. കമ്മീഷന്റെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിൽ ഇയാൾ കേരളത്തിലോ തമിഴ് നാടിലോ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മെഡിക്കൽ കൗൺസിൽ കണ്ടെത്തി. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പരസ്യ ബോർഡ് നീക്കം ചെയ്തതായി രജിസ്ട്രാർ കമ്മീഷനെഅറിയിച്ചു. എന്നാൽ വ്യാജ ഡോക്ടർ ചികിത്സാതട്ടിപ്പ് തുടരുകയാണെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ സ്പൈൻ സ്പെഷ്യലിസ്റ്റ് എന്ന് പരസ്യം നൽകിയിരുന്നതായും പരാതിക്കാരൻ അറിയിച്ചു. ഇയാളുടെ ക്ലിനിക്ക് തമിഴ് നാട്ടിലെ കരിങ്കൽ എന്ന സ്ഥലത്താണെന്നും മലയാളികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് കേരളത്തിൽ പരസ്യം ചെയ്യുന്നതെന്നും പരാതിക്കാരൻ അറിയിച്ചു.