കോന്നി : ഭാര്യയെയും മക്കളെയും കൊലപെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോന്നി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കൾക്കരികം കുഴവിയോട് കടമാൻകോട് സുജിത് ഭവനം വീട്ടിൽ കെ സുജിത് (34) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ കുളത്തൂപ്പുഴ സുജിത് ഭവനിൽ രേഷ്മയുമായി രണ്ട് വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു. നിലവിൽ യുവതിയും മക്കളും താമസിക്കുന്ന അരുവാപ്പുലം തോപ്പിൽ മിച്ച ഭൂമിയിലെ രതീഷ് ഭവനം വീട്ടിൽ 24 ന് രാത്രി ഒൻപതരയോടെ എത്തുകയും കതക് തുറക്കുവാൻ ആവശ്യപെടുകയും ചെയ്തു. യുവതി ഭയന്ന് വാതിൽ തുറന്നില്ല. ഈ വിരോധത്തിൽ അടുത്ത ദിവസം പുലർച്ചെ ഒരു മണിക്ക് വീണ്ടും എത്തിയ ഇയാൾ മുറ്റത്ത് കിടന്നിരുന്ന മൺവെട്ടി കൊണ്ട് അടുക്കള വാതിൽ തകർത്ത് ഉള്ളിൽ കയറുകയും ചുറ്റിക കൊണ്ട് ജനൽ ഗ്ലാസ് തകർക്കുകയും ചെയ്തു. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളും ലൈറ്ററുമായാണ് ഇയാൾ അകത്ത് കടന്നത്.
രേഷ്മയും മക്കളും താമസിച്ചിരുന്ന മുറിയിൽ കയറി ഇയാൾ കൊല്ലുമെന്ന് ഭീഷണി മുഴക്കി. ഇവരുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു കത്തിക്കുവാൻ ശ്രമം നടത്തുകയും ചെയ്തതായി യുവതി പോലീസിന് മൊഴി നൽകി. കോന്നി പോലീസ് സബ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം നടന്നത്. സംഭവം നടന്ന സ്ഥലത്ത് വിരലടയാള വിദഗ്ദർ പരിശോധന നടത്തി. മുറിക്കുളിൽ നിന്ന് പെട്രോളും ലൈറ്ററും അടക്കം കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ കുളത്തൂപുഴയിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.