ജാഷ്പൂര്‍: മദ്യപിച്ചെത്തി ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. താനുമായി ലൈംഗികബന്ധത്തിന് എതിർത്തതിനാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശങ്കര്‍ റാം എന്നയാളാണ് ഭാര്യയായ ആശ ഭായിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ശങ്കറിനൊപ്പം ആശയും മദ്യപിച്ചിരുന്നു. മദ്യപാനത്തിന് ശേഷം ലൈംഗികതാൽപര്യം അറിയിച്ച ഭർത്താവിനോട് സഹകരിക്കാൻ കഴിയില്ലെന്ന് ആശ പറഞ്ഞതാണ് എല്ലാത്തിനും തുടക്കം. ശാരീരികബന്ധത്തിലേർപ്പെടാൻ സാധിക്കില്ലെന്ന് ആശ തീർത്തുപറഞ്ഞു. ഇതേ ചൊല്ലി ഇരുവരും തമ്മില് വാക്കേറ്റമായി. വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയതോടെ ആശ സമീപത്തെ കിണറിലേക്ക് ചാടുകയായിരുന്നു.
ആത്മഹത്യ ചെയ്യാനായി കിണറിലേക്ക് ചാടിയ ഭാര്യയെ ഒന്നും നോക്കാതെ ശങ്കർ രക്ഷപ്പെടുത്തി. ആശയുടെ പിന്നാലെ കിണറിലേക്ക് ചാടിയ ശങ്കര്‍ ആശയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു. എന്നാൽ, ഇതിനുശേഷവും ഇവർ തമ്മിൽ ബഹളമായിരുന്നു. ഇതോടെയാണ് ശങ്കർ ആശയെ കൊലപ്പെടുത്തിയത്. ആശയുടെ സ്വകാര്യ ഇടങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ച ശേഷമായിരുന്നു കൊലപാതകമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലപാതകത്തിന് പിന്നാലെ രാത്രി മുഴുവന്‍ ഭാര്യയുടെ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു ശങ്കര്‍. വിവരമറിഞ്ഞെത്തിയ പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ ശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.