ഇന്ത്യയിൽ എംപിവികളുടെ തമ്പുരാനാണ് ടൊയോട്ട ഇന്നോവ. മൂന്ന് തലമുറ ആവർത്തനങ്ങളിലും സൂപ്പർ ഹിറ്റായ മൾട്ടി പർപ്പസ് വാഹനം വിലയുടെ കാര്യത്തിൽ അൽപം പ്രീമിയം ആണെങ്കിലും ആളുകൾ അത് മുടക്കാൻ തയാറാണ്. വളരെ കാര്യക്ഷമമായ പെട്രോൾ, ഡീസൽ എഞ്ചിനും രണ്ടാം നിരയിലെ യാത്രസുഖവും മികച്ച നിർമാണ നിലവാരവും എല്ലാമാണ് ഇന്നോവയെ ജനപ്രിയനാക്കിയത്. വണ്ടിയോടിക്കുന്ന ആൾക്കായാലും യാത്ര ചെയ്യുന്നവർക്കായാലും ഇത്രയും മികച്ച അനുഭവം നൽകുന്ന വാഹനം വേറെയില്ലെന്നു വേണം പറയാൻ. ഇന്നോവക്ക് പകരം വെക്കാൻ ഇന്നേവരെ മറ്റൊരു മോഡലിനെ കണ്ടത്താൻ ഒരു കമ്പനിക്കും കഴിഞ്ഞിട്ടില്ല. സെക്കൻഡ് ഹാൻഡ് വിപണിയിലായാലും ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നത് ഇന്നോവകളുടേതാണെന്നും പറയാം. എടുത്തിട്ട് കഴിഞ്ഞാൽ എത്ര ലക്ഷം കിലോമീറ്റർ വേണമെങ്കിലും പുലിക്കുട്ടിയായി ഇന്നോവ കിടന്നോടിക്കോളും.
ദേ ഇപ്പോൾ ഇന്നോവയെ സൈഡാക്കുനുള്ള ശ്രമവുമായി ഹ്യുണ്ടായി കടന്നുവരികയാണ്. കസ്റ്റിൻ എന്ന തട്ടുപൊളിപ്പൻ എംപിവിയെയാണ് ടൊയോട്ട ഇന്നോവയ്ക്ക് ബദലായി ഹ്യുണ്ടായി രംഗത്തിറക്കുന്നത്. 2021 മുതൽ ചൈനയിലെ ബീജിംഗ് ഹ്യുണ്ടായിമായുള്ള സംയുക്ത സംരംഭത്തിലൂടെ കമ്പനി നിർമിച്ച ഏഴ് സീറ്റർ മൾട്ടി പർപ്പസ് വാഹനമാണിത്. ഇപ്പോൾ വിയറ്റ്നാമിൽ മോഡലിനെ അവതരിപ്പിച്ചതോടെയാണ് കസ്റ്റിൻ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. സമീപഭാവിയിൽ മറ്റ് ആസിയാൻ വിപണികളിലേക്കും ഇത് എത്തുമെന്ന സൂചനയും അവതരണ വേളയിൽ ബ്രാൻഡ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിൽ ഇന്നോവയ്ക്ക് എതിരാളിയായി ഈ വാഹനം വന്നാൽ മത്സരം കൊഴുക്കുമെന്ന് ഉറപ്പാണ്.
എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിയറ്റ്നാമിൽ അവതരിപ്പിച്ചിരിക്കുന്ന ഹ്യുണ്ടായി കസ്റ്റിന്റെ ബേസ് വേരിയന്റിന് 850 ദശലക്ഷം ഡോങാണ് വില വരുന്നത്. അതായത് 29.10 ലക്ഷം രൂപ, എംപിവിയുടെ മിഡ്-സ്പെക്കിന് 945 ദശലക്ഷം ഡോങ് (32.35 ലക്ഷം രൂപ), ശ്രേണിയിലെ ടോപ്പ് എൻഡ് വേരിയന്റിന് 999 ദശലക്ഷം ഡോങ് (34.20 ലക്ഷം രൂപ) എന്നിങ്ങനെയാണ് വില വരുന്നത്. ഇന്ത്യയിൽ കൊണ്ടുവരുമ്പോൾ പ്രാദേശികമായി നിർമിച്ചാൽ വില ഇതിലും കുറയും. വിയറ്റ്നാമീസ് വിപണിയിൽ കിയ ഗ്രാൻഡ് കാർണിവലിനെതിരെ മത്സരിക്കുന്നതിന് പുറമെ, ഹ്യുണ്ടായി കസ്റ്റിൻ ഇന്നോവ ഹൈക്രോസിനെയും നേരിടും.
കാഴ്ച്ചയിൽ പലർക്കും കാർണിവലിന്റെ രൂപം മനസിലേക്ക് വന്നാലും തെറ്റൊന്നും പറയാനാവില്ല. ശരിക്കും ഇന്ത്യയിൽ കാണുന്നതു പോലെ തന്നെ കാർണിവൽ എംപിവിയെ അടിസ്ഥാനമാക്കി തന്നെയാണ് ഹ്യുണ്ടായി കസ്റ്റിനെ നിർമിച്ചെടുത്തിരിക്കുന്നത്. 1.5T സ്റ്റാൻഡേർഡ്, 1.5T സ്പെഷ്യൽ, 2.0T പ്രീമിയം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാനാവും. രണ്ട് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളാണ് കസ്റ്റിന് തുടിപ്പേകുന്നത്. അതിൽ ആദ്യത്തെ 1.5 ലിറ്റർ ടർബോചാർജ് പെട്രോൾ എഞ്ചിൻ പരമാവധി 170 bhp കരുത്തിൽ 253 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഹ്യുണ്ടായി കസ്റ്റിൻ എംപിവിയിലെ വലിയ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിന് 236 bhp പവറിൽ 353 Nm torque ആണ് നൽകാനാവുക. ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ഇന്നോവയേക്കാൾ സമ്പന്നമാണ് ഹ്യുണ്ടായി കസ്റ്റിൻ എന്നതിൽ തർക്കമൊന്നും വേണ്ട. വെർട്ടിക്കലായി സ്ഥിതി ചെയ്യുന്ന 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകൾ, ആറ് എയർബാഗുകൾ, ADAS അധിഷ്‌ഠിത സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന ഹ്യുണ്ടായി സ്‌മാർട്ട്‌സെൻസ് സ്യൂട്ട് എന്നീ സവിശേഷതകളുടെ അകമ്പടിയാണ് എംപിവിയുടെ കരുത്ത്. ഇതുകൂടാതെ ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ക്യാപ്റ്റൻ സീറ്റ്, ഓട്ടമൻ ഫംഗ്‌ഷൻ, ഫോൾഡിംഗ് ടേബിൾ, സ്ലീപ്പ് മോഡ് എന്നിവ ഉൾപ്പെടുന്നതാണ് ഹ്യുണ്ടായി കസ്റ്റിന്റെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. അങ്ങനെ സുഖസൗകര്യങ്ങളോടുകൂടിയാണ് കസ്റ്റിൻ രൂപമെടുത്തിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉടനെങ്ങും എംപിവി വിപണിയിൽ എത്തില്ലെങ്കിലും 2024-25 കാലഘട്ടത്തോടു കൂടി കസ്റ്റിൻ വരവറിയിക്കുമെന്നാണ് സൂചന.