2024 ജനുവരി ഒന്നുമുതൽ മോഡലുകളുടെ വില വർധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു. ഇൻപുട്ട് ചെലവ്, പ്രതികൂല വിനിമയ നിരക്ക്, ചരക്ക് വിലയിലെ വർദ്ധനവ് എന്നിവയാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് കമ്പനി അറിയിച്ചു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയിൽ ചെലവ് വർദ്ധന സാധ്യമാകുന്നിടത്തോളം ഉൾക്കൊള്ളാനും തുടർച്ചയായ ഉപഭോക്തൃ സന്തോഷം ഉറപ്പാക്കാനും തങ്ങൾ എപ്പോഴും ശ്രമിക്കുന്നുവെന്നും എന്നിരുന്നാലും ഉയരുന്ന ഇൻപുട്ട് ചെലവിന്റെ ഒരു ഭാഗം ചെറിയ വില വർദ്ധനയിലൂടെ വിപണിയിലേക്ക് കൈമാറേണ്ടത് ഇപ്പോൾ അനിവാര്യമായിരിക്കുന്നുവെന്നും വില വർധനയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ സിഒഒ, തരുൺ ഗാർഗ് പറഞ്ഞു. വില വർദ്ധന 2024 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
ഹ്യൂണ്ടായ് നിലവിൽ i20, ഗ്രാൻഡ് ഐ10 നിയോസ്, എക്സെന്‍റ്, എക്സ്റ്റർ, വെന്യു എന്നിവ സബ്-4 മീറ്റർ വിഭാഗത്തിൽ വിൽക്കുന്നു. 2024-ന്റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന പരിഷ്‌ക്കരിച്ച ക്രെറ്റ എസ്‌യുവിയും കമ്പനി തയ്യാറെടുക്കുകയാണ്. ഇതോടൊപ്പം ട്യൂസണിന്‍റെയും അൽക്കാസറിന്റെയും അപ്‌ഡേറ്റ് ചെയ്ത പതിപ്പുകൾ അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് ഗണ്യമായ പരിഷ്‌ക്കരിച്ച സ്റ്റൈലിംഗും പുതിയ ഇന്റീരിയറും ഒപ്പം എഡിഎഎസ് സാങ്കേതികവിദ്യയും പുതിയ ടർബോ പെട്രോൾ എഞ്ചിനും ലഭിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് ലഭിക്കുക. പുതുതായി പുറത്തിറക്കിയ എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിക്ക് ഈ വർഷം ആദ്യം എത്തിയതിന് ശേഷം ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ ലഭിച്ചു.