പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് ആറ് വർഷങ്ങൾക്ക് മുൻപ് കാണാതായ ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്ത് വച്ച് കണ്ടിരുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. മുണ്ടക്കയത്തെ ഒരു ലോഡ്ജിലെ ജീവനക്കാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജസ്നയെ കാണാതാകുന്നതിന് ഏതാനും ദിവസം മുമ്പാണ് സംഭവം. ഒരു അജ്ഞാത യുവാവിനൊപ്പം പെൺകുട്ടി ഇവർ ജോലിചെയ്തിരുന്ന ലോഡ്ജിൽ എത്തിയതായി ജീവനക്കാരി തുറന്നുപറഞ്ഞു. രാവിലെ ഏകദേശം 11.30 ഓടെയാണ് പെൺകുട്ടി അവിടെയത്തിയത്. എവിടെയോ ടെസ്റ്റ് എഴുതാൻ പോകുകയാണെന്നും സുഹൃത്ത് എത്താനുണ്ടെന്നും പെൺകുട്ടി പറഞ്ഞതായി ഇവർ പറയുന്നു. ശേഷം കുറച്ച് കഴിഞ്ഞ് ഒരു യുവാവ് വന്ന് മുറിയെടുത്തു.102ആം നമ്പർ മുറിയാണെടുത്തത്.
രണ്ട് പേരും വൈകിട്ട് നാല് കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. വെളുത്ത് മെലിഞ്ഞ പയ്യനായിരുന്നു കൂടെയുണ്ടായിരുന്നതെന്നും ഇവർ പറയുന്നു. വെളുത്ത് മെലിഞ്ഞിട്ടായിരുന്നു പെൺകുട്ടിയുടെ രൂപം. തലമുടിയിൽ ക്ലിപ്പോ മറ്റോ വച്ച് കെട്ടിയിട്ടുണ്ടായിരുന്നു. റോസ് നിറത്തിലുള്ള ചുരാദാറാണ് പെൺകുട്ടി ധരിച്ചിരുന്നത്. പത്രത്തിൽ ചിത്രം വന്നതുകൊണ്ടാണ് ജസ്നയെ തിരിച്ചറിഞ്ഞത്. സിബിഐ തന്നോട് ഇത് സംബന്ധിച്ച് ഇതുവരെ ഒന്നും ചോദിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.