കോന്നി : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം എമിഗ്രേഷൻ വിഭാഗം ഐ ബി ഉദ്യോഗസ്ഥയെ റയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തും നെടുമ്പാശേരി വിമാനത്താവളത്തിൽ എഫ് ആർ ആർ ഒ യുമായ യുവാവിനെതിരെ ബന്ധുക്കൾ പരാതി നൽകി. മലപ്പുറം സ്വദേശി സുകാന്ത് സുരേഷിന് എതിരെയാണ് ബന്ധുക്കൾ പരാതി നൽകിയത്. മരണപ്പെട്ട കോന്നി അതിരുങ്കൽ കാരയ്ക്കാകുഴി സ്വദേശി പൂഴിക്കോട് മധു സൂദനന്റെ മകൾ മേഘ ട്രെയിനിങ് സമയത്താണ് സുകാന്തുമായി പരിചയത്തിലാകുന്നത്. എന്നാൽ ജോലി ലഭിച്ച ശേഷം പെൺകുട്ടിയുടെ പക്കൽ നിന്നും നിരവധി തവണ ഇയാൾ പണം വാങ്ങിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ പെൺകുട്ടിയിൽ നിന്ന് വാങ്ങിയതായി ബാങ്ക് സ്റ്റേറ്റ്മെന്‍റ് പരിശോധിച്ചതിൽ വ്യക്തമായതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയുടെ മരണത്തിൽ ഈ യുവാവിന് കൃത്യമായ പങ്കുണ്ട് എന്നാണ് വീട്ടുകാരുടെ ആരോപണം.
ഈ വിഷയം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് എ ഡി ജി പി, ഇന്റലിജൻസ് ബ്യൂറോ, എഫ് ആർ ആർ ഒ തിരുവനന്തപുരം എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. ഫെബ്രുവരി 28 ന് ആണ് അവസാനമായി പെൺകുട്ടി നാട്ടിൽ എത്തുന്നത്. ഒന്നിന് തിരികെ പോവുകയും ചെയ്തു. പെൺകുട്ടിക്ക് ആഹാരം കഴിക്കാൻ പോലും കയ്യിൽ പണമില്ലാത്ത രീതിയിൽ പെൺകുട്ടിൽ നിന്ന് ഇയാൾ പണം വാങ്ങിയതായാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിക്ക് അവസാനം ലഭിച്ച ശമ്പളം പോലും ഇയാൾ വാങ്ങിയിരുന്നു. ഇതിന് ശേഷം പെൺകുട്ടിയുടെ ബാങ്ക് അക്കൌണ്ട് പരിശോധിച്ചപ്പോൾ വെറും 80 രൂപ മാത്രമാണ് ഉണ്ടായിരുന്നത് എന്നും കുടുംബം പറയുന്നു. മാത്രമല്ല മരണ സമയത്ത് പെൺകുട്ടിയുടെ മൊബൈൽ ഫോൺ അടക്കം തകർന്നു പോയിരുന്നു. ഇത് ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയെങ്കിൽ മാത്രമേ കേസിന് വഴിതിരിവാകുന്ന കൂടുതൽ തെളിവുകൾ ലഭിക്കുകയുള്ളൂ. പെൺകുട്ടിയുടെ ലാപ് ടോപ്പും അന്വേഷണത്തിന്റെ ഭാഗമായി നൽകിയിട്ടുണ്ട്. ഇതിനിടെ കുറ്റം ആരോപിക്കപെടുന്ന സുകാന്ത് സുരേഷിനെ ജോലിയിൽ നിന്ന് തത്കാലികമായി മാറ്റി നിർത്തിയിട്ടുമുണ്ട്. പഠിക്കാൻ സമർഥയായ മേഘക്ക് ഒരു വർഷം മുൻപാണ് ഐ ബി ഉദ്യോഗസ്ഥയായി ജോലി ലഭിക്കുന്നത്. അഞ്ച് ദിവസങ്ങൾക്കു മുൻപാണ് മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിൽ റയിൽവെ ട്രാക്കിൽ കണ്ടെത്തുന്നത്. രാത്രിയിൽ ജോലി കഴിഞ്ഞ് രാവിലെ മടങ്ങിയ ശേഷമാണ് സംഭവം നടന്നതെന്ന് വ്യക്തമാണ്.