കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. പോലീസിനോട് വിശദീകരണം തേടിയ കോടതി അതുവരെ അറസ്റ്റ് പാടില്ലെന്നും വാക്കാൽ നിർദേശം നൽകി. ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം പേട്ട പോലീസ് സുകാന്തിനെതിരെ കേസ് എടുത്തിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയില്‍ സുകാന്ത് സുരേഷിന് ഉത്തരം പറയാൻ ബാധ്യതയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകനായ സുകാന്തിനെതിരെ കുടുംബം പരാതി നല്‍കിയിരുന്നു. പേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ സുകാന്ത് സുരേഷിനെ പ്രതിചേര്‍ത്തിട്ടില്ല. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഓഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. മകളെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്ന കുടുംബത്തിന്റെ ആരോപണത്തിൽ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയക്കുന്നതായി സുകാന്ത് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒളിവിലാണ് സുകാന്ത് സുരേഷ്.