കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് അഞ്ചാം പ്രതിയായി. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ എത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിനെ വീഡിയോ കോൺഫറൻസ് വഴി വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കഴിഞ്ഞ ഒരു വർഷമായി ഇബ്രാഹിംകുഞ്ഞ് കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായാണ് വിവരം. ഇന്നലെ രാത്രി ഏഴേ കാലോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ എത്തിയാണ് വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇക്കഴിഞ്ഞ മാർച്ച് മാസം നടത്തിയ പരിശോധനയിൽ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ നിന്ന് നാലര കോടി രൂപയുടെ രസീത് കണ്ടെത്തിയിരുന്നു. നോട്ടു നിരോധന സമയത്ത് ഈ പണം ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലേയ്ക്ക് അയച്ചതായാണ് കണ്ടെത്തിയിരുന്നത്. ഇത് കള്ളപ്പണമാണെന്ന് വിജിലൻസിന് വ്യക്തമായിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ മാർക്കറ്റ് റോഡ് ശാഖയിൽ നിന്നാണ് പണം അയച്ചത്. ഈ പണം പാലാരിവട്ടം മേൽപ്പാലം അഴിമതിയിലൂടെ ലഭിച്ച പണമാണെന്നാണ് വിജിലൻസ് വിലയിരുത്തൽ. പാലത്തിന്റെ കരാറിന് മുൻകൂർ പണം അനുവദിച്ചതിലും അഴിമതിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.