വയനാട് : സിപിഐഎമ്മിന് സ്ഥാനാര്‍ത്ഥി ദാരിദ്ര്യം ഉള്ളതുകൊണ്ടാകാം കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് വയനാട് ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ ഐ.സി. ബാലകൃഷ്ണന്‍. രാജിവെച്ചവര്‍ക്കൊക്കെ പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കിയിരുന്നെന്നും ഇന്നത്തോടെ ജില്ലയില്‍ നിലനില്‍ക്കുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ആറ് ദിവസത്തിനിടെ നാല് നേതാക്കളാണ് ജില്ലയില്‍ കോണ്‍ഗ്രസ് വിട്ടത്. രണ്ടുപേര്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നലെ രാജിവെച്ച എം.എസ്. വിശ്വനാഥന്‍ ബത്തേരിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന ചര്‍ച്ചകള്‍ സജീവമാണ്.
ഇതിന് പിന്നാലെയാണ് എല്‍ഡിഎഫിലും അതൃപ്തി പുകയുന്നത്. വിശ്വനാഥന്റെ പാര്‍ട്ടി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സിപിഐഎം പുല്‍പ്പള്ളി ഏരിയാ കമ്മറ്റി അംഗവും ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയുമായ ഇ.എ. ശങ്കരന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജില്ലയില്‍ ഒരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് കെപിസിസി ഭാരവാഹികള്‍ നേരിട്ട് ജില്ലയിലെത്തി നേതൃയോഗത്തില്‍ പങ്കെടുക്കും. വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിലാണ് യോഗം. ഇന്നത്തോടെ പാര്‍ട്ടിക്കുള്ളിലെ മുഴുവന്‍ അതൃപ്തികളും പരിഹരിക്കപ്പെടുമെന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്.