പത്തനംതിട്ട: ഐ.സി.ഐ.സി.ഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് കോട്ടയം മാനേജരും കമ്പനിയുടെ ലീഗല്‍ മാനേജരും ചേര്‍ന്ന് 28 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ വിധിച്ചു. മല്ലശ്ശേരി വിസ്‌മയ വീട്ടിൽ ബിന്ദു ജയകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് ഐ.സി.ഐ.സി.ഐ ഇന്‍ഷുറന്‍സ് കമ്പനിക്കെതിയ വിധിയുണ്ടായത്.
2020 – 2025 കാലയളവിൽ ‘ഇന്‍കം പ്രോട്ടെക്ട് ‘ എന്ന പേരിലുള്ള കമ്പനിയുടെ പോളിസി ബിന്ദുവും കുടുംബവും എടുത്തിരുന്നു. 37,500 രൂപയാണ് പ്രീമിയം അടക്കേണ്ടിയിരുന്നത്. ക്രിട്ടിക്കല്‍ ഇല്‍നസ് കവറേജ് ഉൾപ്പെടെ വാഗ്‌ദാനം ചെയ്താണ് കമ്പനി ബിസിനസ് പോളിസി എടുപ്പിച്ചത്. ഇതില്‍പ്പെട്ട ഒരാൾ മരണപ്പെടുകയാണെങ്കിൽ 27,40,261 രൂപ കിട്ടുമെന്നാണ് പോളിസി സര്‍ട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്നത്. ബിന്ദുവിന്റെ ഭർത്താവ് ജയകുമാർ (48) നെഞ്ചുവേദനയായിട്ട് 2021 ൽ പത്തനംതിട്ട മുത്തൂറ്റ് ഹോസ്‌പിറ്റൽ അഡ്‌മിറ്റാവുകയും ഇസിജി അടക്കമുള്ള ടെസ്റ്റ്കൾ നടത്തിയതിന്റെ ഫലമായി ബി.പിയ്ക്കും കൊളസ്ട്രോളിനും മറ്റുമുളള മരുന്നുകൾ കഴിച്ചുവന്നിരുന്നതുമാണ്. അങ്ങനെയിരിക്കെ 15.12.2021 ൽ ജയകുമാറിന് കലശലായ നെഞ്ചുവേദന അനുഭവപ്പെടുകയും പത്തനംതിട്ട ഗവൺമെന്റ് ആശുപത്രിയില്‍ രാവിലെ തന്നെ അഡ്‌മിറ്റ് ആക്കുകയും ചെയ്‌തു. എന്നാൽ അന്ന് രാവിലെ തന്നെ 11.45 ന് ഹൃദയസ്തഭനം മൂലം അദ്ദേഹം മരണമടഞ്ഞു.
തുടർന്ന് ജയകുമാറിന്റെ ഭാര്യ ബിന്ദു ജയകുമാർ പോളിസി മുഖാന്തരം തങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ ചോദിച്ചപ്പോൾ ഇൻഷ്വറൻസ് കമ്പനി പൂർണ്ണമായി അത് നിരസിക്കുകയാണ് ചെയ്‌തത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതിരുന്നതു കൊണ്ട് മരണകാരണം വ്യക്തമല്ല എന്ന കാരണം പറഞ്ഞാണ് ഇൻഷ്വറൻസ് കമ്പനി ആനുകൂല്യം നിഷേധിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ ഡോക്ടർമാരുടെ ചികിത്സയില്‍ തുടരുമ്പോള്‍ തന്നെ രോഗി മരിച്ചതിനാൽ പോസ്റ്റുമോർട്ടം ആവശ്യമില്ലായെന്ന് ജനറൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള ഡോക്‌ടർമാർ പറഞ്ഞതു കൊണ്ടാണ് ജയകുമാറിന്റെ ബന്ധുക്കൾ പോസ്റ്റ്മോർട്ടം ചെയ്യാതിരുന്നത്. മരണകാരണം ഹാർട്ട് അറ്റാക്ക് ആണെന്ന് വ്യക്തമായി ഡോക്ടറും ബന്ധപ്പെട്ടവരും പറഞ്ഞിട്ടും ഇൻഷ്വറൻസ് കമ്പനി ആനുകൂല്യം നിരസിച്ചുവെന്നാണ് ബിന്ദു അന്യായത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
അന്യായം ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും ഇരുകക്ഷികളും തെളിവുകൾ ഹാജരാക്കിയതിന്റെ വെളിച്ചത്തിൽ ഹർജികക്ഷി ഫയൽ ചെയ്ത അന്യായത്തിൽ വസ്‌തുതയുണ്ടെന്ന് കമ്മീഷന് ബോദ്ധ്യപ്പെടുകയാണുണ്ടായത്. അതിന്റെ അടിസ്ഥാനത്തിൽ എതിർകക്ഷികൾ രണ്ടുപേരും ചേർന്ന് ഹർജികക്ഷിക്ക് പ്രീമിയം കവറേജ് തുകയായ 27,40,261 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും 10,000 രൂപ കോടതി ചിലവും ഉൾപ്പടെ 28,00,261 രൂപയും ഹർജി കമ്മീഷനിൽ ഫയൽ ചെയ്‌ത അന്നുമുതൽ 9% പലിശയും ചേർത്ത് ഹർജികക്ഷിക്ക് നൽകാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്ന്
ഉത്തരവിടുകയായിരുന്നു. കമ്മീഷൻ ഉത്തരവ് കൈപ്പറ്റി അടുത്ത ദിവസം തന്നെ എതിർകക്ഷികൾ വിധി തുക കമ്മീഷനിൽ കെട്ടിവെച്ച് കേസ് അവസാനിപ്പിച്ചു.