ഇടമണ്‍ : നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഇടമൺ ജംഗ്ഷനിലെ വീതി കുറഞ്ഞ പാലം സ്ഥിരം അപകടമേഖല ആകുന്നു. മന്ദമരുതി- വെച്ചൂച്ചിറ റോഡില്‍ ഇടമണ്‍ ഓട്ടോ സ്റ്റാന്‍ഡിനും ബാങ്ക് ജംഗ്ഷനും മധ്യേയാണ് പഴയ പാലം സ്ഥിതി ചെയ്യുന്നത്. തോടിന് കുറുകെ തീർത്തും വീതിയും നീളവുമില്ലാതെ നിര്‍മ്മിച്ച കലുങ്കിന് സമാനമാണിത്. ഇംഗ്ലീഷ് അക്ഷരമാലയിലെ എല്‍ പോലെയാണ് ഇവിടെ റോഡ്. എതിരെ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കാൻ കഴിയുന്നില്ല. വേഗത്തിൽ വരുന്ന വാഹനങ്ങൾ എല്‍ പോലെയുള്ള വളവ് മൂലം തോട്ടിലേക്ക് ചാടുന്നത് പതിവാകുന്നു.
ബസുകള്‍ വളവ് തിരിഞ്ഞ് കയറുമ്പോള്‍ കൈവരിയില്‍ തട്ടുന്നത് സ്ഥിരം സംഭവമാണ്. ഇപ്പോള്‍ ഈ ഭാഗത്തു കൈ വരികളും ഇല്ല. റോഡ് വീതി കൂട്ടാൻ സ്ഥലമെറ്റെടുത്തപ്പോൾ തന്നെ ഇതിന്‍റെ വീതി കൂട്ടണമെന്ന ആവശ്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. അന്നത്തെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ഇക്കാര്യം ബോധ്യപ്പെട്ടതുമാണ്. ഇതിന്‍റെ സംരക്ഷണ ഭിത്തി കെട്ടാനുള്ള സ്ഥലവും ആ ഭാഗത്തു ഒഴിച്ചിട്ടിട്ടുണ്ട്. ഇപ്പോൾ മടത്തുംച്ചാൽ മുക്കൂട്ടുതറ റോഡിന്റെ പണി പുനരാരംഭിച്ചിരിക്കുകയാണ്. റോഡില്‍ വെള്ളകെട്ടുള്ള സ്ഥലങ്ങളില്‍ കലുങ്കുകള്‍ പുതിയതായി നിര്‍മ്മിക്കുന്നുണ്ട്. ഈ കലുങ്കിന്റെ അപകടാവസ്ഥ മനസ്സിലാക്കി വീതി കൂട്ടി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.