ഇടുക്കി: പൂപ്പാറ ചൂണ്ടലില്‍ ഇന്നലെ കാറിടിച്ച കാട്ടാന ചക്കക്കൊമ്പനെന്ന നിഗമനത്തില്‍ സംശയത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. ഇടിയുടെ ആഘാതത്തില്‍ ആനക്ക് പരിക്കേറ്റിരിക്കാമെന്ന സംശയത്തിലാണ് വനപാലകരുള്ളത്. നല്ല വേഗതയിലോടുമ്പോഴാണ് കാറ് ആനയെ ഇടിച്ചത്. അതുകൊണ്ടുതന്നെ ആനയുടെ കാലുകള്‍ക്ക് പരിക്കേറ്റിരിക്കാമെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി മുതല്‍ കണ്ടെത്താന് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പരിക്കേറ്റത് ചക്കക്കൊമ്പനെന്ന് വനപാലകര്‍ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
പൂപ്പാറ ചൂണ്ടലില്‍ ജനവാസകേന്ദ്രങ്ങളിലെത്തിയ കൊമ്പനെ നാട്ടുകാര്‍ തുരത്തി ഓടിച്ചതോടെയാണ് ദേശീയ പാതയിലേക്കിറങ്ങിയത്. റോഡില്‍ ആനയുള്ളത് കാണാതെ രാജകുമാരി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ചെന്നിടിക്കുകയായിരുന്നു. പരിക്കേറ്റ നാല് യാത്രക്കാരും തേനിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരും അപകട നില തരണം ചെയ്തു. ആനയ്ക്ക് പരുക്കേറ്റ വാര്‍ത്ത അറിഞ്ഞ് വനംവകുപ്പും ജാഗ്രതയിലാണ്. പരിക്കേറ്റ കാട്ടാന ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ഈ ജാഗ്രത. ഏതാനും ദിവസങ്ങളായി ചൂണ്ടല്‍, തോണ്ടിമല മേഖലകളില്‍ ചക്കകൊമ്പന്‍ തമ്പടിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ രാത്രിയില്‍ പൂപ്പാറ ടൗണില്‍ ആന എത്തിയിരുന്നു.