തൊടുപുഴ : ഇടുക്കി ഡാമില്‍ ഇന്നലെ രാത്രി പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ച് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് രെഡ് അലേര്‍ട്ട് പിന്‍വലിച്ചത്. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. റൂള്‍ കര്‍വ് പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.31 അടിയില്‍ എത്തിയപ്പോഴാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
അതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135.45 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ മുല്ലപ്പെരിയാറില്‍ ആദ്യ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കും. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ഓറഞ്ച് അലേര്‍ട്ട് മാറിയെങ്കിലും ജാഗ്രത തുടരാനാണ് നിര്‍ദേശം.