നിരോധനാജ്ഞ – ലോകത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിയാണ് ജില്ലാ കളക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്
ഇടുക്കി: ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ നടപടികള്‍ തുടര്‍ച്ചയായി വിവാദമാകുന്നു. കളക്ടര്‍ക്കെതിരെ ജില്ലയിലുടനീളം ജനരോഷം ഉയരുകയാണ്. പരുന്തുപാറ പട്ടയ വിഷയത്തില്‍ മുഖം നഷ്ടപ്പെട്ട കളക്ടര്‍ക്ക് ജില്ലയില്‍ ജീപ്പ് സഫാരി നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ കൂടുതല്‍ ജനരോഷം നേരിടേണ്ടിവരികയാണ്. ഇന്നലെയാണ് ജീപ്പ് സവാരിക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ജീപ്പ് സഫാരി, ഓഫ് റോഡ് സഫാരിള്‍ക്ക് ഉള്‍പ്പെടെയാണ് നിരോധനം. വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവക്കും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത് ഇടുക്കിയുടെ ടൂറിസം മേഘലയെ ആകെ അട്ടിമറിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കളക്ടറുടെ വിവേകശൂന്യമായ നടപടിക്കെതിരെ കുമളിയില്‍ സിഐടിയു നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആനച്ചാല്‍ – മൂന്നാര്‍ റോഡ് ജീപ്പ് തൊഴിലാളികള്‍ ഉപരോധിച്ചു. കളക്ടറുടെ ധിക്കാരപരമായ നടപടിക്കെതിരെ വരും ദിവസങ്ങളില്‍ ജില്ലയില്‍ ഉടനീളം പ്രതിഷേധം ശക്തമാകും.
ടൂറിസം മേഘലയിലെ നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമാണ് ജില്ലാ കളക്ടര്‍ വിവേകശൂന്യമായ നടപടിയിലൂടെ കൊട്ടിയടച്ചത്. KTDC യുടെ ഡയറക്ടര്‍ എന്ന നിലയില്‍പോലും പ്രവര്‍ത്തിച്ചിട്ടുള്ള വി. വിഗ്നേശ്വരിക്ക് ടൂറിസത്തിന്റെ ABCD പോലും അറിയില്ലെന്ന് വ്യക്തമാണ്. കുമളി, മൂന്നാര്‍, വാഗമണ്‍, പരുന്തുപാറ, രാമക്കല്‍മേട് എന്നിവിടങ്ങളിലായി നൂറുകണക്കിന് ജീപ്പുകളാണ് സാധാരണ സഫാരിയും ഓഫ് റോഡ് സഫാരിയും നടത്തുന്നത്. എവിടെയെങ്കിലും അപകടം ഉണ്ടായാലുടന്‍ ആ സംവിധാനങ്ങള്‍ പാടെ നിരോധിക്കുന്നതാണോ അധികാരികള്‍ ചെയ്യേണ്ടത് ?. അങ്ങനെയെങ്കില്‍ ബസ്, ട്രെയിന്‍, വ്യോമ ഗതാഗതങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിരോധിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഇടുക്കിയുടെ ടൂറിസം സാധ്യതകളെപ്പറ്റിയോ ജനജീവിതത്തെക്കുറിച്ചോ ഭൂപ്രകൃതിയെക്കുറിച്ചോ യാതൊരു പഠനവും നടത്താതെയാണ് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ പല നടപടികളും എന്ന് പരക്കെ ആക്ഷേപമുണ്ട്. ഇത് ശരിവെക്കുന്ന പല തീരുമാനങ്ങളുമാണ് ഇവര്‍ നടപ്പിലാക്കുന്നത്. ഇവരുടെ പക്വതയില്ലാത്ത തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് തുടരെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തില്‍ ഇവരെ ഇടുക്കിയില്‍ നിന്നും മാറ്റണമെന്ന നിലപാടില്‍ രാഷ്ട്രീയ പാര്‍ട്ടികളും എത്തിച്ചേര്‍ന്നിട്ടുണ്ട്.
പ്രധാന വിനോദസഞ്ചാര മേഖലയായ പരുന്തുപാറ പ്രദേശം കഴിഞ്ഞ അഞ്ചുമാസത്തോളമായി കടുത്ത അനിശ്ചിതത്വത്തിലാണ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വിനോദസഞ്ചാര മേഖലയായ ഇവിടെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കുന്നില്ല. നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുവാന്‍ പോലും അനുവദിക്കുന്നില്ല. നാലുമാസമായി ഇവിടെ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയാണ്. ലോകത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിയാണ് ജില്ലാ കളക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഏതോ ഉദ്യോഗസ്ഥന്‍ ചെവിയില്‍ ഓതിക്കൊടുത്തത് നടപ്പിലാക്കുകയായിരുന്നോ ഐ.എ.എസ് കാരിയായ ജില്ലാ കളക്ടര്‍ എന്ന സംശയമാണ് ഇപ്പോള്‍ ജനങ്ങള്‍ക്കുള്ളത്.
പരുന്തുപാറ പട്ടയ വിഷയത്തില്‍ പീരുമേട്ടിലെ റവന്യൂ ജീവനക്കാരെ മൊത്തത്തില്‍ അഴിമതിക്കാരാക്കി, പരുന്തുപാറയില്‍ ഭൂമി കയ്യേറ്റം ഉണ്ടെന്ന് വ്യാപകമായി പ്രചരിപ്പിച്ചത് തൊടുപുഴ സ്വദേശിയായ ഒരു റവന്യു ജീവനക്കാരനാണ്. പേരും പ്രശസ്തിയും ആഗ്രഹിക്കുന്ന ഇയാള്‍ ഇതിന് ചില മാധ്യമ പ്രവര്‍ത്തകരെ പ്രലോഭനങ്ങള്‍ നല്‍കി കൂട്ടുപിടിക്കുകയായിരുന്നു. കൈക്കൂലിയും അഴിമതിയും ഇയാളുടെ രഹസ്യ കൂട്ടുകാരാണ് എന്നാണ് സംസാരം. ഇയാളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വേണ്ടത്ര അന്വേഷണമോ പഠനമോ നടത്താതെ ജില്ലാ കളക്ടര്‍ ഇവിടെ രണ്ടുമാസത്തെ നിരോധന ഉത്തരവ് പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണം ഇഴഞ്ഞു നീങ്ങിയതോടെ വീണ്ടും രണ്ടുമാസം കൂടി നിരോധനാജ്ഞ നീട്ടി. നിലവില്‍ ജൂലായ് 9 ന് ഇത് അവസാനിക്കും. ഇനിയും നിരോധനാജ്ഞ നീട്ടിയാലും അവസാനിപ്പിച്ചാലും ജനങ്ങള്‍ക്ക് പ്രത്യേകിച്ച് മെച്ചമൊന്നുമില്ല. നഷ്ടപ്പെടുവാന്‍ ഉള്ളതൊക്കെ അവര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ തള്ളിവിട്ടു കഴിഞ്ഞു ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി ഐ.എ.എസ്.
പീരുമേട് വില്ലേജിലെ 534, മഞ്ചുമല വില്ലേജിലെ 441 എന്നീ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെടുന്ന പരുന്തുപാറയിലെ വസ്തുക്കള്‍ മുഴുവന്‍ കയ്യേറ്റമാണെന്നും നിര്‍മ്മാണങ്ങള്‍ എല്ലാം അനധികൃതമാണെന്നുമുള്ള ആരോപണങ്ങള്‍ തെളിയിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെപ്പിച്ചുകൊണ്ട് നടത്തുന്ന അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട് ഇവിടെ പണം മുടക്കിയവര്‍ നിരവധിയാണ്. കോടികളുടെ നഷ്ടമാണ് ഇവിടെമാത്രം ഉണ്ടായത്. എന്തായാലും ശക്തമായ നിയമ നടപടിയുമായി മുമ്പോട്ട് പോകുവാനാണ് പലരുടെയും തീരുമാനം. തെറ്റായ നടപടികളും തീരുമാനങ്ങളും ചോദ്യം ചെയ്യുന്നതോടൊപ്പം ഇത് മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് റവന്യു വകുപ്പിലെ ചിലരൊക്കെ കണക്കു പറയേണ്ടിവരുകതന്നെ ചെയ്യും.>>> എഡിറ്റോറിയല്‍ ന്യൂസ്