മൂന്നാര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിനിടെ കടുവാ ഭീതിയും. മൂന്നാറിലെ ജനവാസമേഖലയിലാണ് കടുവയിറങ്ങിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ കല്ലാര്‍ എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. ഇന്ന് രാവിലെയോടെ മൂന്നാറില്‍ നിന്നും കല്ലാര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാരാണ് കടുവയുടെ ചിത്രമെടുത്തത്. റോഡിന് കുറുകെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
അതേസമയം പെരിയാര്‍ കടുവ സങ്കേതത്തിലെ വനമഖലയിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വനം വകുപ്പ്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേതകാനം വനമേഖലയിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ അരിക്കൊമ്പന്‍ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ന് മുതല്‍ ആന പൂര്‍ണമായും മയക്കത്തില്‍ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിന്റെ കണക്കൂകൂട്ടല്‍. വിവിധ സ്ഥലങ്ങളില്‍ മരുന്ന് ചേര്‍ത്ത വെള്ളം വച്ചിരുന്നത് അരിക്കൊമ്പന്‍ കുടിച്ചിട്ടില്ല. ഉള്‍ക്കാട്ടില്‍ വിട്ട അരിക്കൊമ്പനെ റേഡിയോ കോളര്‍ വഴി നിരീക്ഷിച്ചുവരികയാണ് ഇതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.