ചെന്നൈ: സനാതനധർമ പരാമർശത്തെ ചൊല്ലി തർക്കങ്ങൾ തുടരുന്നതിനിടെ വീണ്ടും സനാതദനധർമത്തെ വിമർശിച്ച് രംഗത്തെത്തി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. സനാതനധർമം ഇല്ലാതായാൽ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്ന് പറയപ്പടുന്ന തൊട്ടുകൂടായ്മയും ഇല്ലാതാകുമെന്നാണ് മന്ത്രിയുടെ പരാമർശം. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ടെന്നും പലരും ഇതേക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഗവർണർ ആർ.എൻ. രവി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഉദയനിധിയുടെ പരാമർശം. സനാതനധർമമാണ് തൊട്ടുകൂടായമക്ക് കാരണം. സനാതനധർമം ഇല്ലാതായാൽ തൊട്ടുകൂടായ്മയും ഇല്ലാതാകും എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പരാമർശം.
അതേസമയം കഴിഞ്ഞ ദിവസം ഗവർണറുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ രംഗത്തെത്തിയിരുന്നു. ദ്രാവിഡിയൻ മോഡൽ നടപ്പിലാക്കുന്ന വികസനങ്ങൾ അംഗീകരിക്കാൻ സാധിക്കാത്തതാണ് ഗവർണറുടെ പ്രശ്നം. ദ്രാവിഡ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന ഗവർണർ എവിടെയൊക്കെ അവസരം കിട്ടിയാലും സനാതനധർമത്തെ കുറിച്ചാണ് പരാമർശിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് അയിത്തമുണ്ടെങ്കിൽ അതിന് കാരണം ഇതേ സനാതനധർമം തന്നെയാണെന്നും ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞിരുന്നു.