യുപിഐ വഴി പണം അബദ്ധത്തിൽ ആർക്കെങ്കിലും അയച്ചിട്ടുണ്ടോ? യുപിഐ വഴി പണം അയച്ചാൽ തിരികെ കിട്ടില്ല എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ അബദ്ധത്തിലാണ് പണം അയക്കുന്നത് എങ്കിൽ റിവേഴ്‌സ് ട്രാൻസാക്ഷൻ പരീക്ഷിക്കാവുന്നതാണ്.
പണം തിരികെ ലഭിച്ചേക്കാവുന്ന സാഹചര്യങ്ങൾ
1) അബദ്ധത്തിൽ പണം അയച്ചാൽ
നിങ്ങൾ പണം അയക്കുന്ന യുപിഐ ഐഡിയോ ഫോൺ നമ്പറോ തെറ്റാണെങ്കിൽ റിവേഴ്‌സ് ട്രാൻസാക്ഷന് ശ്രമിക്കാം. ഇത്തരം പ്രത്യേക സാഹചര്യങ്ങളിൽ നിങ്ങൾക്ക് യുപിഐ വിനിമയം റിവേർട് ചെയ്യാൻ അപേക്ഷിക്കാവുന്നതാണ്.
2) നിങ്ങളുടെ അനുവാദമില്ലാതെയുള്ള ട്രാൻസാക്ഷൻ
നിങ്ങളുടെ അനുവാദമില്ലാതെയാണ് പണം ഡെബിറ്റ് ആകുന്നത് എങ്കിൽ അല്ലെങ്കിൽ നിങ്ങൾ അറിയാതെ മറ്റൊരു ഐഡിയിലേക്ക് പണം പോവുക തുടങ്ങിയ സാഹചര്യങ്ങളിൽ നിങ്ങൾക്ക് പണം തിരികെ ആവശ്യപ്പെടാവുന്നതാണ്
3) തട്ടിപ്പ്
നിങ്ങളുടെ അറിവോടെ അല്ലാതെ ഏതെങ്കിലും വിധേനയുള്ള പണം തട്ടിപ്പിലൂടെ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും യുപിഐ ഐഡി വഴി പണം നഷ്ടമായാൽ പണം തിരികെ ലഭിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്.
4) ട്രാൻസാക്ഷൻ പൂർണമായില്ലെങ്കിൽ
യുപിഐ ഐഡി വഴി പണം ഒരാൾക്ക് അയക്കുമ്പോൾ പാതി വഴിയിൽ വച്ച് ആ ട്രാൻസാക്ഷൻ മുടങ്ങുന്ന സാഹചര്യത്തിൽ അതായത്, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാവുകയും നിങ്ങൾ അയച്ചത് ആർക്കാണോ അയാൾക്ക് പണം കിട്ടാതെയുമിരിക്കുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് പണം തിരികെ ആവശ്യപ്പെടാം.
പണം തിരികെ ലഭിക്കാനുള്ള മാർഗങ്ങൾ എന്തെല്ലാം?
1. ബാങ്കിനെ വിവരം അറിയിക്കുക
നിങ്ങളുടെ യുപിഐ സർവീസ് പ്രോവൈഡർ ( ഉദാ : ഗൂഗിൾ പേ ) അല്ലെങ്കിൽ ബന്ധപ്പെട്ട ബാങ്കിനെ ഉടൻ തന്നെ വിവരമറിയിക്കുക എന്നതാണ് ആദ്യത്തെ വഴി. പണം നഷ്‍ടമായതിന്റെ വിവരം അവർക്ക് എത്രയും വേഗം ലഭ്യമാക്കുക.
2. വേഗത്തിൽ തന്നെ ബാങ്കുമായി ബന്ധപ്പെടുക
എത്ര വേഗം നിങ്ങൾ ബാങ്കിനെ ബന്ധപ്പെടുന്നോ അത്രയും വേഗത്തിൽ നിങ്ങൾക്ക് പണം തിരികെ ലഭിച്ചേക്കാം
3. ഓംബുഡ്‌സ്മാനെ സമീപിക്കുക
നിങ്ങളുടെ പണം വീണ്ടെടുക്കുന്നതിൽ ബാങ്കിൽ നിന്നും കാലതാമസം ഉണ്ടായാൽ നിങ്ങൾക്ക് ബാങ്കിന്റെ ഓംബുഡ്‌സ്മാനെ സമീപിക്കാം. നിങ്ങളുടെ ആവശ്യം ശരിയാണ് എങ്കിൽ ഓംബുഡ്സ്മാനെ സമീപിക്കാൻ മടിക്കേണ്ടതില്ല.
4. എൻപിസിയെ കോൺടാക്ട് ചെയ്യുക
നിങ്ങളുടെ ആവശ്യം മാറ്റാരാലും പരിഹരിച്ചില്ല എങ്കിൽ നിങ്ങൾക്ക് എൻപിസിഐയെ സമീപിക്കാം. റീട്ടയിൽ പെയ്മെന്റുകൾക്കും സെറ്റിൽമെന്റുകളുടെയും മേൽ നോട്ടം വഹിക്കാനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപം നൽകിയ സ്ഥാപനമാണ് നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ).