ന്യൂഡല്‍ഹി : തുർക്കി നിരസിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തിലേക്ക്. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ ഉക്രൈനും റഷ്യയും യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണിയിൽ ഗോതമ്പ് കിട്ടാനില്ല. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിൽ ഗോതമ്പിന് ക്ഷാമം നേരിടുന്നുണ്ട്. അതിനാല്‍ തന്നെ തുര്‍ക്കി നിഷേധിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തില്‍ ഇറക്കും. ഗോതമ്പ് ലഭ്യത കുറഞ്ഞതോടു കൂടി ഏറ്റവുമധികം ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്ത്, വിലക്കയറ്റം കുറക്കുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഗോതമ്പ് ചരക്ക് ഉറപ്പാക്കാൻ നെട്ടോട്ടമോടുകയാണ്. ഈ അവസ്ഥയിൽ തുർക്കിയിൽ നിന്നും എത്തുന്ന ഗോതമ്പ് ഈജിപ്തിന് സഹായകരമാകും.
ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെയാണ് മെയ് 13 ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ഗോതമ്പ് വില ആഗോള വിപണിയിൽ കുതിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, ദക്ഷിണ കൊറിയ, ഒമാൻ, യെമൻ തുടങ്ങിയ പല രാജ്യങ്ങളും ഗോതമ്പിനായി ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധനം പ്രഖ്യാപിക്കുന്നതിന് മുൻപാണ് തുർക്കിയിലേക്കുള്ള 56,877 ടൺ ഗോതമ്പ് കയറ്റുമതി ചെയ്തത്.
റൂബെല്ല രോഗത്തിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യയിൽ നിന്നെത്തിയ ഗോതമ്പിന് തുർക്കി അനുമതി നൽകാതിരുന്നതെന്നാണ് റിപ്പോർട്ട്. 56,877 ടൺ ഡുറം ഇനത്തിൽപ്പെടുന്ന ഗോതമ്പാണ് തുർക്കി തിരിച്ചയച്ചത്. ചരക്ക് കയറ്റുന്നതിനു മുൻപ് പരിശോധനകൾ നടത്തിയിരുന്നെന്നും പ്രശനങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നും കയറ്റുമതി ചെയ്ത ഉദ്യോഗസ്ഥർ പറഞ്ഞു. തുർക്കിയിലേക്കുള്ള യാത്രാ സമയം ഏകദേശം രണ്ടാഴ്ചയാണെന്നും താപനിലയിലും ഈർപ്പത്തിലും ഉള്ള വ്യതിയാനം ഫൈറ്റോസാനിറ്ററി പ്രശ്‌നങ്ങളിലേക്ക് നയിച്ചിരിക്കാം എന്ന അവർ വ്യക്തമാക്കി.