മഴക്കാലമായാൽ നഗര ഗ്രാമ പ്രദേശങ്ങളിൽ ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകളും അതിന് ചുറ്റുമുള്ള വളപ്പും ഇഴജന്തുക്കൾക്കും ക്ഷുദ്ര ജീവികൾക്കും വാസസ്ഥലമാണ്. സമീപത്ത് കുടുംബമായി താമസിക്കുന്ന ആളുകൾക്ക് ഇത്തരത്തിലുള്ള ഭൂമി ഉപദ്രവമായി മാറാറുമുണ്ട്. ഒഴിഞ്ഞ ഭൂമിയിൽ നിന്നുള്ള മരങ്ങളുടെ ശിഖരങ്ങൾ പരിസരവാസികളുടെ കിണറുകളിലേക്കും വീട്ടുവളപ്പിലേക്കും വളർന്നു കയറി പറഞ്ഞറിയിക്കാൻ പറ്റാത്ത ശല്യം ആകാറുണ്ട്. ഭൂമിയുടെ ഉടമസ്ഥൻ വേറെ ദേശത്ത് എവിടെയെങ്കിലുമായിരിക്കും താമസിക്കുന്നത്. സ്ഥല ഉടമയെയോ വസ്തു സൂക്ഷിപ്പുകാരനെ യോ ഉടമയുടെ പ്രതിനിധിയേയോ അറിയിച്ചിട്ടും ഉടമ കാടുവെട്ടിത്തെളിച്ച് പരിസരവാസികൾക്ക് ഉപദ്രവം ഇല്ലാത്ത രീതിയിൽ പ്രശ്നം പരിഹരിക്കുവാൻ വിമുഖത കാണിക്കുകയാണെങ്കിൽ പരിസരവാസികൾക്ക് തങ്ങളുടെ മുനിസിപ്പൽ/പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകാവുന്നതാണ്.
കേരള മുനിസിപ്പൽ നിയമം 426, 427, 428, 430 എന്നീ വകുപ്പുകൾ പ്രകാരം മുനിസിപ്പൽ സെക്രട്ടറിക്ക് തന്റെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിലെ ഭൂമി തദ്ദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് തടസ്സമുണ്ടാകാതെ കാട് വെട്ടി വൃത്തിയാക്കുവാൻ ഭൂമിയുടെ ഉടമയോട് ഉത്തരവിടാനുള്ള അധികാരമുണ്ട്. മാത്രവുമല്ല ഈ നിയമത്തിലെ വകുപ്പ് 429 പ്രകാരം പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ ഈ ഭൂമിയുടെ അതിർത്തി ശരിയായ രീതിയിൽ കെട്ടിത്തിരിക്കണമെന്ന് ഉത്തരവിടാനുള്ള അധികാരവും കൂടി സെക്രട്ടറിക്കുണ്ട്. പഞ്ചായത്തിലും സമാനമായ നിയമങ്ങൾ നിലവിലുണ്ട്.>>> തയ്യാറാക്കിയത് Adv. K. B Mohanan 9847445075