ഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുംബൈ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും എം.എല്‍.എയുമായ ജിഷാന്‍ സിദ്ധിഖി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധിയെ കാണാൻ അവസരം ലഭിക്കണമെങ്കിൽ പത്ത് കിലോ ശരീരഭാരം കുറയ്ക്കണമെന്ന് രാഹുലിനോടടുത്ത വൃത്തങ്ങള്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ജിഷാനിന്റെ ആരോപണം. ന്യൂനപക്ഷവിഭാഗത്തില്‍നിന്നുള്ള നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് മോശമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കോണ്‍ഗ്രസ് വിട്ട് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ ചേര്‍ന്ന ബാബാ സിദ്ധിഖിയുടെ മകനാണ് ജിഷാന്‍ സിദ്ധിഖി.
‘ഭാരത് ജോഡോ യാത്ര നന്ദേഡില്‍ എത്തിയപ്പോള്‍, രാഹുല്‍ഗാന്ധിയെ കാണണമെങ്കില്‍ പത്തുകിലോ ഭാരം കുറയ്ക്കണമെന്ന് രാഹുലിനോട് അടുത്ത വ്യക്തികള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ ന്യൂനപക്ഷ നേതാക്കളോടും പ്രവര്‍ത്തകരോടുമുള്ള പെരുമാറ്റം ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിലെയും മുംബൈ യൂത്ത് കോണ്‍ഗ്രസിലെയും വര്‍ഗീയതയുടെ വ്യാപ്തി മറ്റൊരിടത്തും ഇല്ലാത്തതാണ്. കോണ്‍ഗ്രസില്‍ മുസ്ലിം ആയിരിക്കുന്നത് ഒരു തെറ്റാണോ? എന്തിനാണ് എന്നെ ആക്രമിക്കുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കണം. ഞാന്‍ മുസ്ലിം ആയതുകൊണ്ട് മാത്രമാണോ അത്?’, ജിഷാന്‍ സിദ്ധിഖി ചോദിച്ചു.