കൊച്ചി : ആലുവയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ എൽഎൽബി വിദ്യാർത്ഥിനി മോഫിയ പർവീൻ ഭർത്താവിനെതിരെ നൽകിയ പരാതിയിൽ നടപടി വൈകിപ്പിച്ച ആലുവ സി ഐക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് ഐ ജി ഹർഷിത അട്ടല്ലൂരി. ആലുവ ഡി.വൈ.എസ്.പി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ന് അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം സിഐക്ക് എതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും ഐജി ഹർഷിത പറഞ്ഞു. ആലുവ സിഐ യെ ചുമതലകളിൽ നിന്ന് മാറ്റാത്തതിൽ പ്രതിഷേധിച്ച് അൻവർ സാദത്ത് എംഎൽഎ സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ അടക്കം പരാമർശമുണ്ടായ സിഐ യെ സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
ഇന്നലെയാണ് ഭർത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എൽഎൽബി വിദ്യാർത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നൽകിയിരുന്നു. എന്നാൽ ആലുവ സിഐ, സി എൽ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീർ. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. കേരളത്തെ പിടിച്ചുലച്ച ഉത്ര വധക്കേസിലാണ് അന്നത്തെ അഞ്ചല്‍ എസ്എച്ച്ഒ ആയിരുന്ന സുധീറിനെതിരെ ആദ്യം പരാതി ഉയര്‍ന്നത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിനെ രക്ഷിക്കാന്‍ സുധീര്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസിന്‍റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറല്‍ എസ്.പി ഹരിശങ്കര്‍ കണ്ടെത്തി. പക്ഷേ നടപടി ഉണ്ടായില്ല.
മാസങ്ങളുടെ ഇടവേളയില്‍ മറ്റൊരു വിവാദവും സുധീറിനെതിരെ ഉയര്‍ന്നു. ഇടമുളയ്ക്കലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദമ്പതികളുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്താനായി തന്‍റെ വീടുപണി നടക്കുന്ന സ്ഥലത്ത് എത്തിക്കാനുളള സുധീറിന്‍റെ നിര്‍ദേശമാണ് വിവാദമായത്. മൃതദേഹത്തെ അനാദരിച്ച സംഭവം കൂടി ആയതോടെ ഹരിശങ്കര്‍ സുധീറിനെതിരെ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്ത് അന്നത്തെ ഡിജിപിക്ക് റിപ്പോര്‍ട്ടും നല്‍കി. പക്ഷേ ക്രമസമാധാന ചുമതലയില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തുക എന്ന നടപടിയില്‍ ഒതുങ്ങി സുധീറിന്‍റെ ശിക്ഷ. പിന്നീട് ആലുവയില്‍ ക്രമസമാധാന ചുമതലയില്‍ തന്നെ സുധീറിന് നിയമനവും കിട്ടി.
ഉത്ര വധക്കേസിലെ സുധീറിന്‍റെ വീഴ്ചയെ പറ്റിയുളള പോലീസിന്‍റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായത് ഈ മാസം 19നാണ്. അന്ന് കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫിസില്‍ വെച്ച് ഉത്രയുടെ ബന്ധുക്കളോട് ക്ഷമാപണം നടത്തി പ്രശ്ന പരിഹാരത്തിന് സഹായിക്കണമെന്ന് അപേക്ഷിച്ച് ആലുവയിലേക്ക് മടങ്ങിയ സുധീര്‍ തന്നെയാണ് സ്ത്രീധന പീഡന പരാതിയുമായി എത്തിയ മറ്റൊരു യുവതിയോട് മോശം പെരുമാറ്റം നടത്തിയതും അതിനു പിന്നാലെ ആ യുവതിയുടെ ആത്മഹത്യ ചെയ്തതും. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഭരണകക്ഷി നേതാക്കളുമായുളള അടുത്ത ചങ്ങാത്തമാണ് സുധീറിനെ രക്ഷിച്ചത് എന്ന വിമര്‍ശനവും പോലീസ് സേനയ്ക്കുളളില്‍ ശക്തമാണ്.