പന്തളം : നഗരസഭയിലെ കാർഷിക പദ്ധതിക്ക് അവഗണന. നഗരസഭയുടെ 2025-26 പദ്ധതിയിലെങ്കിലും കൃഷിക്കും അനുബന്ധ മേഖലകൾക്കും മുൻഗണന നൽകണമെന്ന ആവശ്യം ശക്തമാകുന്നു. നാലുവർഷമായി സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൻ നാമമാത്രമായി കാർഷിക പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം ലഭിക്കാനായി പണം വകയിരുത്തുമെങ്കിലും അത് സമയബന്ധിതമായി നടപ്പാക്കാനോ കർഷകരിലെത്തിക്കാനോ ഗുണനിലവാരമുള്ള വിത്തുകൾ നൽകാനോ നഗരസഭയും കൃഷി വകുപ്പും തയാറാകുന്നില്ല. പന്തളത്തെ നെല്ലറയായി വിശേഷിപ്പിക്കുന്ന ചേരിക്കൽ, കരിങ്ങാലി പാടശേഖരത്തിൽപെട്ട കിളികൊല്ലൂർ, മണത്തറ, വാരുകൊല്ല എന്നി ചിറ്റിലപാടശേഖരങ്ങളിലെയും യഥാസമയം കൃഷിയിറക്കാനാകാതെയും വിളവെടുക്കാനാകാതെയും ബുദ്ധിമുട്ടുകയാണ് കർഷകർ. പാടശേഖരത്തേ തോടുകളും പുഞ്ചയുമെല്ലാം കറുകയും പായലും നിറഞ്ഞുകിടക്കുന്നതും ഡി-വാട്ടറിങ് സംവിധാനം കാര്യക്ഷമമല്ലാത്തതുമാണ് ഇതിനു കാരണം. ഈ വർഷം തന്നെ പതിനായിരക്കണക്കിന് രൂപയുടെ നെൽവിത്തുകളാണ് കാലം തെറ്റി വന്ന മഴ മൂലം നശിച്ചത്.
കൃഷി ആരംഭിക്കുന്നതിനു മുമ്പുതന്നെ പാടശേഖരത്തേക്കുള്ള തോടും ചാലകളും പാടശേഖരങ്ങളിലെയും കറുകയും പായലും നീക്കം ചെയ്യുന്നതിനും ഡി-വാട്ടറിങ് സംവിധാനം ത്വരിതപ്പെടുത്തുന്നതിനും പാടശേഖര സമിതികൾക്ക് ഫണ്ടനുവദിക്കണമെന്നും വിളവെടുപ്പിന് കൊയ്ത്തുമെതിയന്ത്രം വാടകക്ക് എടുക്കയാണെന്നും യന്ത്രങ്ങൾ യഥാസമയം ലഭിക്കാത്തതുമൂലം ഏക്കറുകണക്കിന് കൃഷിയാണ് വിളവെടുക്കാനാകാതെ നശിക്കുന്നത്. പന്തളം നഗരസഭ 2000-2005ൽ കൊയ്ത്തുമെതിയന്ത്രം വാങ്ങിയെങ്കിലും ഉപയോഗത്തിലെ പാളിച്ചമൂലം യന്ത്രം കേടായി നഗരസഭ ഷെഡിൽ കിടക്കുകയാണ്. പന്തളത്തെ പാടശേഖരങ്ങളിലെ വിളവെടുപ്പ് സമയബന്ധിതമായി നടത്താൻ നഗരസഭ രണ്ടു കൊയ്ത്തുമെതിയന്ത്രങ്ങൾ വാങ്ങി കർഷകരുടെ ആവശ്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.