ന്യൂഡൽഹി: ഇന്ത്യ പാകിസ്താൻ അതിർത്തി ഗ്രാമമായ ലാമിൽ വച്ച് ഇഗ്നു പ്രൊഫസറെ സൈനികർ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കരസേന. ഇഗ്നു പ്രൊഫസർ ലിയാഖത് അലിയെ പ്രകോപനം കൂടാതെ സൈനികർ മർദ്ദിച്ചെന്ന പരാതിയാണ് ഉയർന്നത്. എന്നാൽ പരിശോധനയ്ക്ക് ഇടയിൽ സൈനികരുടെ ആയുധം ലിയാഖത് അലി പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം എന്നാണ് സൈനികർ പറയുന്നത്. വ്യാഴാഴ്ച രാത്രി ജമ്മുവിലെ രജൗരി ജില്ലയിൽ ആയിരുന്നു സംഭവം. ഇന്ത്യ പാകിസ്താൻ അതിർത്തിയിലെ തന്ത്രപ്രധാനമായ നൗഷേരയിലെ ഗ്രാമമായ ലാമിൽ ഭീകരർ വാഹനത്തിൽ സഞ്ചരിക്കുന്നുവെന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു.
ഇതേ തുടർന്ന് വാഹനപരിശോധന സൈന്യം ശക്തമാക്കി. പരിശോധനയ്ക്കായി ലിയാഖത് അലിയുടെ വാഹനവും തടഞ്ഞിരുന്നു. ഇതിനെ അലി എതിർത്തു. തുടർന്ന് സൈനികരുമായി ലിയാഖത് അലി വാക്കേറ്റത്തിൽ ഏർപ്പെടുകയും അവരുടെ ആയുധം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് സൈന്യം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇതാണ് സംഘർഷത്തിന് കാരണമായതെന്ന് സൈനിക വക്താവ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ലിയാഖത് അലിയുടെ തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്ന് ഒലിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് കരസേന ഉത്തരവിട്ടത്.
ഏതെങ്കിലും സൈനികൻ അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയാൽ നിയമം അനുശാസിക്കുന്ന ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരസേന വ്യക്തമാക്കി. തന്ത്രപ്രധാനമായ മേഖലയിലെ സുരക്ഷയ്ക്ക് എല്ലാവരും സൈനികരുമായി സഹകരിക്കണമെന്നും കരസേന ആവശ്യപ്പെട്ടു. ഡൽഹിയിലെ ഇന്ദിര ഗാന്ധി ഓപ്പൺ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് ലിയാഖത് അലി. വാഹനത്തിൽ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആയിരുന്നു. ഇതിൽ രണ്ടുപേർ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിലും രണ്ടുപേർ കരസേനയിലും ജോലി ചെയ്യുന്നവർ ആണ്. സഹോദരിയുടെ വീട്ടിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ ലാമിൽ എത്തിയത് എന്നാണ് റിപ്പോർട്ട്.