പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ അനുമതി ഇല്ലാതെ ബഹുനില കെട്ടിട നിര്‍മ്മാണം. ഹൈക്കോടതിയുടെയും തദ്ദേശ ഭരണ ട്രൈബ്യൂണലിന്റെയും ഉത്തരവുകള്‍ കാറ്റില്‍ പറത്തിയാണ് നഗരസഭയുടെ ഒത്താശയോടെ ബഹുനില കെട്ടിട നിര്‍മ്മാണം നടക്കുന്നത്.
നഗരസഭയുടെ അനുമതി തേടാതെയും സമീപ കെട്ടിടങ്ങളില്‍നിന്ന് ദൂരപരിധി പാലിക്കാതെയും സകല ചട്ടങ്ങളും ലംഘിച്ചാണ് നിര്‍മ്മാണം. അനുമതി ഇല്ലെന്ന് വിവരാവകാശ നിയമപ്രകാരം നഗരസഭ തന്നെ വ്യക്തമാക്കുന്നു. അയല്‍വാസികളുടെ പരാതിയില്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നഗരസഭയോട് നിര്‍ദേശിച്ചുകൊണ്ട് തദ്ദേശ ഭരണ ട്രൈബ്യൂണല്‍ പുറത്തുവിട്ട ഉത്തരവും പാലിക്കപ്പെട്ടില്ല. പീന്നീട് മുന്‍സിഫ് കോടതിയെയും ഹൈക്കോടതിയെയും പരാതിക്കാര്‍ സമീപിച്ചു. ഇരുകോടതികളും നിര്‍മ്മാണത്തിനെതിരെ നടപടിക്ക് ഉത്തരവിട്ടു. പക്ഷെ ഒന്നുമുണ്ടായില്ല.
ഇത്രയധികം ഉത്തരവുകള്‍ നിലനില്‍ക്കുമ്പോള്‍ കെട്ടിടം പണിതെന്ന് മാത്രമല്ല, അയല്‍വാസികളുടെ സ്ഥലം കയ്യേറി ഗേറ്റുള്‍പ്പെടെ സ്ഥാപിച്ചതായി പരാതി ഉയരുന്നുണ്ട്. കെട്ടിടം പൊളിക്കേണ്ടതില്ലെന്ന് തദ്ദേശ ഭരണ ട്രൈബ്യൂണലില്‍ നിന്നുള്ള ഉത്തരവിലുണ്ടെന്നും പല തവണ സ്‌റ്റോപ്പ് മെമ്മോ നല്‍കിയെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. അനധികൃത നിര്‍മ്മാണമല്ലെന്നും നേരത്തെ ഉണ്ടായിരുന്ന കെട്ടിടം നവീകരിക്കുക മാത്രമാണുണ്ടായതെന്നുമാണ് ഉടമയുടെ വാദം. നിയമ പ്രകാരം ലൈസന്‍സ് ക്രമപ്പെടുത്തലിന് അപേക്ഷിച്ചിട്ടുണ്ടെന്നും ഉടമ പറയുന്നു.