മുംബൈ: മഹാരാഷ്ട്രയിൽ ക്രൈസ്തവവിഭാഗത്തെ ലക്ഷ്യമിട്ട് കടുത്ത നീക്കങ്ങളുമായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. സംസ്ഥാനത്ത് നിരവധി അനധികൃത ചർച്ചുകൾ ഉണ്ടെന്നും ആറുമാസത്തിനുള്ളിൽ ഇവ പൊളിച്ചുനീക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ ബുധനാഴ്ച നിയമസഭയിൽ അറിയിച്ചു.‘സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് ആദിവാസികൾ കൂടുതലുള്ള ജില്ലകളിൽ മതപരിവർത്തന കേസുകൾ തടയുന്നതിന് മഹാരാഷ്ട്ര സർക്കാർ കർശന നിയമം നടപ്പിലാക്കും. തർക്കത്തിലുള്ള അനധികൃത പള്ളികൾ ഉടനടി പൊളിച്ചുമാറ്റും. സുപ്രീം കോടതി അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയ പള്ളികൾ അടുത്ത ആറ് മാസത്തിനുള്ളിൽ നീക്കം ചെയ്യും.
പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും നടക്കുന്ന മതപരിവർത്തനത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് തയാറാക്കിയ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ചർച്ചുകളുടെ സഹായത്തോടെയാണ് മതപരിവർത്തനം നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2011 മേയിലും 2018 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ ഉണ്ട്. ആറ് മാസത്തിനുള്ളിൽ ഇവ പൊളിച്ചു നീക്കാൻ പദ്ധതി തയ്യാറാക്കാൻ ഡിവിഷണൽ കമ്മീഷണർമാരോട് ആവശ്യപ്പെടും’ -മന്ത്രി ബവൻകുലെ പറഞ്ഞു. മതപരിവർത്തന കേസുകൾ തടയുന്നതിന് മഹാരാഷ്ട്ര സർക്കാർ കർശനമായ നിയമം നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. “വിദേശ ഫണ്ടിങ്, ഫണ്ടിങ്ങിന്റെ ഉറവിടം, തുക, നിലവിലുള്ള നിയമങ്ങൾ എന്നിവ സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും. മതപരിവർത്തന കേസുകൾ തടയുന്നതിന് കർശനമായ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്ത് നടപ്പാക്കും’ -അദ്ദേഹം പറഞ്ഞു.
വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അനധികൃത പള്ളികളിലൂടെ ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ടെന്ന് ബിജെപി എം.എൽ.എമാരായ അനുപ് അഗർവാൾ, സുധീർ മുൻഗന്തിവാർ, സഞ്ജയ് കുട്ടെ, ഗോപിചന്ദ് പടാൽക്കർ എന്നിവർ നിയമസഭയിൽ ആരോപണമുന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം. മതംമാറിയവർക്ക് പട്ടികജാതി (എസ്‌സി) വിഭാഗക്കാർക്കുള്ള ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടയാൻ സംവിധാനം ഒരുക്കണമെന്നും ബി.ജെ.പി എം.എൽ.എമാർ ആവശ്യപ്പെട്ടു.