തിരുവനന്തപുരം: വർക്കല പാപനാശം നോർത്ത് ക്ലിഫിൽ അനധികൃത നിര്‍മ്മാണൾക്കെതിരെ നഗരസഭയുടെ നടപടി. ക്ലിഫ് നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും അനധികൃത നിർമ്മണങ്ങളുമാണ് പൊളിച്ചു മാറ്റുന്നത്. നഗരസഭാ കൗൺസിലിന്റെയും ജില്ലാ കളക്ടറുടെയും നിർദ്ദേശപ്രകാരമാണ് നടപടി. അനധികൃത നിര്‍മ്മാണങ്ങള്‍ പ്രദേശത്തെ കുന്നുകൾ അപകടാവസ്ഥയിലാകുന്നുതിന് കാരണമാകുന്നുണ്ട്. ടൂറിസം വലിയ തോതിൽ വികസിച്ചതോടെ അനധികൃത നിര്‍മ്മാണങ്ങളും വർധിച്ചു. കുന്നിന്റെ സംരക്ഷണം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികൾ. വർക്കല ടൂറിസം ഡെവല്‌മെന്റ് അസോസിയേഷൻ പ്രതിനിധികൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ഇടപെടലിനെ തുടർന്ന് അനധികൃതമായി കെട്ടിയവ ഉടമകൾ തന്നെ പൊളിച്ചു മാറ്റാൻ ധാരണയായി.
പാപനാശത്ത് അപകടസാധ്യത മുന്നിൽക്കണ്ട് ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച് കുന്നിൽ കഴിഞ്ഞദിവസം മുതൽ താത്കാലികമായി സഞ്ചാരം നിരോധിച്ചിരുന്നു. റിസോർട്ടുകളും കച്ചവട സ്ഥാപനങ്ങളും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും ക്ലിഫിനോടുചേർന്നുള്ള മുറികളിൽനിന്നും ആൾക്കാരെ ഒഴിപ്പിക്കാനും നഗരസഭ അറിയിപ്പ് നൽകിയിട്ടുണ്ട്. നടപ്പാതയിലൂടെ ഇരുചക്ര വാഹനം ഉൾപ്പെടെയുള്ളവയുടെ സഞ്ചാരം നിരോധിച്ചിട്ടുണ്ടെങ്കിലും ഇതുവഴി വാഹനങ്ങൾ കടന്ന് പോകുന്നുമുണ്ട്. കുന്നുകൾ പൂർണ്ണമായും തകർച്ചയിലേക്ക് പോകുന്ന അവസ്ഥ പരിഗണിച്ച് കരുതൽ നടപടികൾ ശക്തമാക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.എം. ലാജി പറഞ്ഞു.