പത്തനംതിട്ട : മൈലപ്രാ പള്ളിപ്പടിയിലെ അനധികൃത വയല്‍ നികത്തലിന്റെ രേഖകള്‍ വില്ലേജ് ഓഫീസില്‍ ഇല്ലെന്ന് സൂചന. ഇത് നശിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. മൈലപ്രാ ചാമക്കാലായില്‍ സാംകുട്ടി അനധികൃതമായി വയല്‍ നികത്തുകയും ചെറിയതോട് കയ്യേറി തന്റെ വസ്തുവിന്റെ ഭാഗമാക്കുകയും ചെയ്തിരുന്നു. അന്നത്തെ വില്ലേജ് ഓഫീസര്‍ പരിശോധന നടത്തി അടൂര്‍ ആര്‍.ഡി.ഓക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
മൈലപ്രാ വില്ലേജ് ഓഫീസറുടെ 2011 ഡിസംബര്‍ ഒന്നാം തീയതിയിലെ 1440/11 നമ്പര്‍ റിപ്പോര്‍ട്ട് പ്രകാരം ഡിസംബര്‍ ഏഴിന് അടൂര്‍ ആര്‍.ഡി.ഓ നടപടിയും സ്വീകരിച്ചിരുന്നു. എന്നാല്‍ ആര്‍.ഡി.ഓയുടെ ഉത്തരവ് നടപ്പിലാക്കുവാന്‍ മൈലപ്രാ വില്ലേജ് ഓഫീസര്‍ വീഴ്ച വരുത്തി. ഇതിന്റെ തുടര്‍ റിപ്പോര്‍ട്ടുകള്‍ അടൂര്‍ ആര്‍.ഡി.ഓ ക്ക് നല്‍കിയിട്ടുമില്ല. ഇത് സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ മൈലപ്രാ വില്ലേജ് ഓഫീസില്‍ ഇല്ലെന്നാണ് വിവരം. മൈലപ്രാ വില്ലേജ് ഓഫീസിലെ ചില ജീവനക്കാരുടെ അറിവോടെ ഈ രേഖകള്‍ നശിപ്പിക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചാമക്കാലായില്‍ സാംകുട്ടിയുമായി വളരെ അടുത്ത ബന്ധം മൈലപ്രാ വില്ലേജിലെ ചില ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നതായും പറയുന്നു. വയല്‍ നികത്തല്‍ സംബന്ധിച്ച അന്വേഷണം ശക്തമാകുന്നതോടെ രേഖകള്‍ കാണുന്നില്ലെന്ന് പറഞ്ഞ് രക്ഷപെടാന്‍ വില്ലേജ് അധികൃതര്‍ക്ക് കഴിയില്ല. നിയമനടപടിയും നേരിടേണ്ടിവരും.
ചാമക്കാലായില്‍ സാംകുട്ടിയുടെ ഏറ്റവും അടുത്ത ബന്ധു മൈലപ്രാ ഗ്രാമപഞ്ചായത്ത് അംഗമാണ്. പഞ്ചായത്തിന്റെ വഴിവിട്ട സഹായങ്ങള്‍ ഇവരിലൂടെയാണ് ലഭിക്കുന്നതെന്നാണ് കരുതുന്നത്. പഞ്ചായത്ത് ഭരിക്കുന്നത് എല്‍.ഡി.എഫ് ആണെങ്കിലും പ്രതിപക്ഷത്തുള്ള ഇവരാണ് പഞ്ചായത്ത് നിയമപരമായി കൈക്കൊള്ളേണ്ട പല നടപടികള്‍ക്കും തടയിടുന്നത്. അനധികൃതമായി നികത്തിയ വസ്തുവില്‍ സാംകുട്ടി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതും അനുമതിയില്ലാതെയാണ്. ഇതിന് നമ്പര്‍ ലഭിക്കുവാന്‍ പഞ്ചായത്തിലെ ചില ജീവനക്കാരെ അവിഹിതമായി സ്വാധീനിച്ചെങ്കിലും തങ്ങളുടെ ജോലിപോകുന്ന പ്രശ്നമായതിനാല്‍ ചിലര്‍ എതിര്‍ത്തു. അതിനാല്‍ ചില കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ലഭിച്ചിട്ടില്ല.
അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന്റെ മുന്നോടിയായി ഉടമക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്. എന്നാല്‍ മൈലപ്രാ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഇപ്പോഴും അതിനു തയ്യാറായിട്ടില്ല. അനധികൃത നിര്‍മ്മാണത്തിനെതിരെ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനുപിന്നില്‍ ബന്ധുവായ വനിതാ അംഗത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടെന്നാണ് ചില ജീവനക്കാര്‍ രഹസ്യമായി പറയുന്നത്.
മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാമക്കാലായില്‍ സാംകുട്ടിക്ക് നോട്ടീസ് നല്‍കുവാന്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ നീക്കം നടത്തിയെങ്കിലും ആരൊക്കെയോ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. നടപടികള്‍ സ്വീകരിക്കാതെ ഇരിക്കുന്നിടത്തോളം കാലം ഉദ്യോഗസ്ഥരും അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ്. നിയമ നടപടിയിലേക്ക് നീങ്ങുമ്പോള്‍ പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് ഒഴിഞ്ഞുമാറുവാന്‍ കഴിയില്ല. അഴിമതിക്ക് കൂട്ടുനിന്നതിന് ഇവരുടെമേല്‍ നിയമനടപടിക്കും സാധ്യതയുണ്ട്.