പെരുനാട് : കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ പെരുനാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളില്‍ നിന്നും ആയിരം രൂപ പിരിച്ചെടുക്കാനുള്ള ഭരണസമിതി തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ പിച്ചയെടുക്കല്‍ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ദീപു പീടികയില്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ എന്നല്ല, രാജ്യത്തുപോലും കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണ് പെരുനാട് പഞ്ചായത്ത് ഭരണസമിതിയുടെതെന്ന് ദീപു പീടികയില്‍ പറഞ്ഞു. തൊട്ടതിനും പിടിച്ചതിനുമെല്ലാം പണപ്പിരിവു നടത്തുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ കുലത്തൊഴില്‍ പഞ്ചായത്ത് ഭരണത്തില്‍ വേണ്ടെന്നും നിര്‍ബന്ധിത പണപ്പിരിവില്‍ നിന്നും പെരുനാട് പഞ്ചായത്ത് ഭരണ നേതൃത്വം പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ജയ്സണ്‍ പെരുനാടിന്റെ നേതൃത്വത്തില്‍ പിപിഇ കിറ്റ് അണിഞ്ഞ് പെരുനാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍നിന്നും ഭിക്ഷ സ്വീകരിച്ചു. ലഭിച്ച തുക മണിയോര്‍ഡര്‍ ആയി പെരുനാട് ഗ്രാമ പഞ്ചായത്തിന് നല്‍കുമെന്നും ജയ്സണ്‍ പെരുനാട് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അരവിന്ദ് വെട്ടിക്കല്‍, പി.ടി രാജു, കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡണ്ടുമാരായ വില്‍സണ്‍ കുപ്പക്കല്‍, രഘു നാഥന്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിമാരായ സഞ്ജു സന്തോഷ്, ജിബിന്‍ പെരുനാട്, ബിനീഷ് പെരുനാട് എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി.