കോന്നി : ലോക്ഡൌൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ഉദ്യോഗസ്ഥരുടെ എലിമുള്ളുംപ്ലാക്കലിൽ മണ്ണെടുപ്പ് നിര്‍ബാധം നടക്കുന്നു. ലോക്ഡൌൺ മാനദണ്ഡങ്ങൾ പൂര്‍ണ്ണമായി ലംഘിച്ചാണ് സ്വകാര്യ വ്യക്തികൾ ഇവിടെ പച്ചമണ്ണെടുപ്പ് നടത്തുന്നത്. പോലീസും പട്ടാളവും ഇവിടേയ്ക്ക് തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
തെരുവോരത്ത് ടിപ്പർ ലോറികൾ കൂട്ടമായി ഇടരുതെന്ന ചട്ടം മറികടന്നാണ് എലിമുള്ളുംപ്ലാക്കലിൽ ഒരുകിലോമീറ്ററോളം ദൂരത്തിൽ ടിപ്പറുകൾ ഒന്നിന് പുറകെ ഒന്നായി പാർക്ക് ചെയ്തിരുന്നത്. പൊതുവെ വീതികുറഞ്ഞ ഈ റോഡില്‍ ഇത്തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഏറെ അപകടകരമാണ്. എന്നാല്‍ ദിവസേന നിരവധി തവണ ഇതുവഴി കടന്നുപോകുന്ന പോലീസ് ഇതൊന്നും കാര്യമാക്കാറില്ല. എന്നാല്‍ ഹെല്‍മെറ്റ് ഇല്ലാതെ ആരെയെങ്കിലും ഇരുചക്രവാഹനത്തില്‍ കണ്ടാല്‍ ഉടന്‍ ചാടിവീഴുകയും ചെയ്യും.
ടിപ്പര്‍ ലോറിയിലെ ജീവനക്കാർ മിക്കവാരും കൃത്യമായ രീതിയിൽ മാസ്ക് ധരിക്കാറില്ല. സമീപ ജില്ലകളില്‍നിന്നും എത്തുന്ന വാഹനങ്ങളാണ് എല്ലാംതന്നെ. കണ്ടയിന്മെന്റ് സോണില്‍ നിന്ന് വരുന്ന വാഹനങ്ങളും ഉണ്ട്. ഇത് ഈ മേഖലയില്‍ വന്‍തോതില്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. പലരും അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ പോലും പുറത്തിറങ്ങുവാന്‍ മടിക്കുകയാണ്. കോന്നി തണ്ണിത്തോട് പ്രധാന റോഡിലാണ് ടിപ്പറുകൾ പാർക്ക് ചെയ്തിരുന്നത് എന്നതാണ് പ്രധാനകാര്യം.
കെട്ടിട നിർമ്മാണ പാസ് മാത്രമാണ് അധികൃതർ നൽകിയിരുന്നതെന്നും ഇതിന്റെ മറവിലാണ് പച്ചമണ്ണ് കടത്തെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അനധികൃത മണ്ണെടുപ്പിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ജില്ലാ കളക്ടര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.