കൊച്ചിയൽ കണ്ട ബഹളങ്ങളും ആൾക്കൂട്ടങ്ങളും എങ്ങോട്ട് പോയെന്നു തോന്നിപ്പിക്കുന്ന കൊച്ചിയിലെ തന്നെ ഒരു സ്ഥലത്തേയ്ക്കാണ് ഈ യാത്ര- ഇല്ലിത്തോട് എന്ന കാഴ്ചയുടെ സ്വർഗ്ഗത്തിലേക്ക് ! എവടെയാണ് ഈ ഇല്ലിത്തോട് എന്നു കൊച്ചിക്കാരുപോലും ചോദിച്ചുപോകും. ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ മലയാളികൾ കണ്ടിട്ടില്ലെങ്കിലും മണിരത്നവും രാജമൗലിയും ഇതിന്റെ കിടിലൻ ഷോട്ടുകൾ നമ്മുടെ മുന്നിലെത്തിച്ചിട്ടുണ്ട്. ഇത്രയുമായപ്പോൾ സ്ഥലം മനസ്സിലാകാത്തവർക്കാണ്- ഇത് നമ്മുടെ പെരുമ്പാവൂർ മലയാറ്റൂരിന് സമീപത്തുള്ള ഒരു കിടിലൻ ലൊക്കേഷനാണ്. രാവൺ സിനിമയിലും ബാഹുബലിയുടെ ഒന്നും രണ്ടും പാർട്ടുകളിലും പുലി മുകുകനിയും പുലിയിലും വരെ പ്രത്യക്ഷപ്പെട്ട് മനസ്സിൽ കയറിയ ഈ ഇല്ലിത്തോട്ടിലേക്ക് ആയാലോ ഒരു യാത്ര. വളരെ എളുപ്പത്തിൽ ഒരു പകലിൽ പോയി ആസ്വദിച്ച് വരാൻ കഴിയുന്ന യാത്രയിൽ രസകരമായ പല കാഴ്ചകളും കാടിനുള്ളിലെ യാത്രാനുഭവവും ഒക്കെ നിങ്ങളെ കാത്തിരിപ്പുണ്ട്.
ഇതാ എങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്യാമെന്നും എന്തൊക്കെ കാഴ്ചകള്‍ കാണാമെന്നും നോക്കാം. പെരുമ്പാവൂരിനോട് ചേർന്നു കിടക്കുന്ന ഇല്ലിത്തോടിനെക്കുറിച്ച് പറയുമ്പോൾ ഇവിടുത്തെ യാത്രയാണ് ആദ്യ ഹൈലൈറ്റ്. ഒരു വശത്ത് മലയും ഇടതിങ്ങി നിൽക്കുന്ന മരങ്ങളം മറുവശത്ത് നിറഞ്ഞും കവിഞ്ഞും ഇടക്ക് മെലിഞ്ഞും ഒഴുകുന്ന പെരിയാറും കണ്ട് പ്രകൃതിയൊരുക്കിയ കാഴ്ചയാണ് ഇവിടേക്കുള്ളത്. പാണിയേലി പോരിന്റെ മറുവശത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ നിറയെ മഹാഗണി മരങ്ങളും കാട്ടുപ്ലാവും ഒക്കെയാണ്. ആകാശത്തെ മുട്ടി നിൽക്കുന്ന മഹാഗണി മരങ്ങൾ തന്നെയാണ് പ്രധാന ആകർഷണം. എൻട്രൻസിലെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്ത് ഈ മഹാഗണിത്തോട്ടങ്ങൾക്കു നടുവിലൂടെ അതിന്റെ തണലിൽ അരിച്ചരിച്ച് മാത്രം മഴയും വെയിലും എത്തുന്ന ഇടത്തുകൂടി നടന്നു മുന്നോട്ട് ചെല്ലണം. ഒരു പകലോ വൈകുന്നേരമോ സുഖമായി വെറുതേ ചെലവഴിക്കുവാൻ ഇതിലും മികച്ചൊരിടം എറണാകുളത്ത് നിങ്ങൾക്ക് കിട്ടില്ല. ഭക്ഷണം കൊണ്ടുവന്ന് ഇവിടെ ആറിന്റെ തീരത്തിരുന്ന് കഴിക്കുന്ന രീതിയിൽ ചെറിയ പിക്നിക് പോലെയും കുടുംബമായി വരുന്നവര്‍ക്ക് യാത്ര പ്ലാൻ ചെയ്യാം. ഇഷ്ടംപോലെ പക്ഷികളെയും ഇവിടെ കാണാം.
ഈ കാടിനുള്ളിലൂടെ ഒഴുകുന്ന പുഴയിൽ വെള്ളത്തിലിറങ്ങുമ്പോൾ ഇവിടുത്തെ നിര്‍ദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കണം. കനത്തമഴയൊക്കെ ആണെങ്കിൽ അവിചാരിതമായി ജലനിരപ്പ് ഉയരുന്നത് അപകടം വരുത്തിയേക്കാം. മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക. കുട്ടികളെയും കൊണ്ട് പോകുമ്പോൾ വെള്ളത്തിലിറങ്ങാതെ ശ്രദ്ധിക്കാം. കാടിനുള്ളിലേക്ക് പോകുന്ന ഒരു വഴിയും ഇവിടെയുണ്ടെങ്കിലും മുൻകൂട്ടി അനുമതിയില്ലാത അവിടേക്ക് പോകാനാകില്ല. കൊച്ചിയിൽ നിന്നും ഇല്ലിത്തോട് മഹാഗണി തോട്ടത്തിലേക്ക് 58 കിലോമീറ്ററാണ് ദൂരം. കാലടി-മലയാറ്റൂർ വഴി ഇവിടേക്ക് വരാം. അങ്കമാലി ഭാഗത്തു നിന്നാണ് യാത്രയങ്കിൽ മഞ്ഞപ്ര കൂടി മലയാറ്റൂർ വഴി മഹാഗണിതോട്ടത്തിലേക്ക് വരാം. മഞ്ഞപ്രയിൽ നിന്ന് അതിമനോഹരമായ കാഴ്ചകളുള്ള മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ കഴിഞ്ഞ് മനപ്പാട്ടുചിറ വഴിയും ഇവിടേക്ക് വരാം.