തിരുവനന്തപുരം: കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഒപി സേവനവും അടിയന്തര പ്രാധാന്യമില്ലാത്ത സര്‍ജറികളും സ്തംഭിക്കും. ആര്‍സിസിയില്‍ ഒപി സേവനമുണ്ടാകില്ല. ശനിയാഴ്ച രാവിലെ 6 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെയായിരിക്കും പണിമുടക്ക്. അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിര്‍ത്തും. അത്യാഹിത വിഭാഗങ്ങള്‍സാധാരണപോലെ പ്രവര്‍ത്തിക്കും. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂര്‍ണ്ണ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് സേവനം തുടരും.
തൊഴിലിന്റെ സ്വഭാവം കാരണം ഡോക്ടര്‍മാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നു എന്നത് ദുഃഖസത്യമാണെന്നും ഐഎംഎ പറയുന്നു. ആശുപത്രികളിലും ക്യാംപസുകളിലും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അധികാരികളാണ്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ആവശ്യങ്ങളോടുള്ള ബന്ധപ്പെട്ട അധികാരികളുടെ ഉദാസീനത യുടെയും നിസ്സംഗതയുടെയും ഫലമാണ് ശാരീരിക ആക്രമണങ്ങളും കുറ്റകൃത്യങ്ങളുമെന്നും ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.