തിരുവനന്തപുരം: സർക്കാർ പരിപാടികളിൽ ബിംബങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നതു സംബന്ധിച്ച് മന്ത്രിസഭ പ്രത്യേക തീരുമാനമെടുത്ത് ഗവർണറെ അറിയിക്കണമെന്ന് കൃഷിവകുപ്പിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. രാജ്ഭവനിൽ സർക്കാർ നിശ്ചയിച്ച പരിസ്ഥിതിദിന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയത് വിവാദമായ പശ്ചാത്തലത്തിലാണിത്. രാജ്ഭവനിൽ നടന്ന കാര്യങ്ങളെക്കുറിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചതാകാമെന്നും തന്റെ ശ്രദ്ധയിൽ ഇക്കാര്യം വന്നിട്ടില്ലെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷി വകുപ്പായിരുന്നു പരിപാടിയുടെ സംഘാടകർ.
രാജ്ഭവനിലെ പരിസ്ഥിതിദിനാചരണ പരിപാടി ഉപേക്ഷിക്കേണ്ടിവന്നതും പകരം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടത്താനിടയായ കാര്യവും പ്രിൻസിപ്പൽ സെക്രട്ടറി കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ നിശ്ചയിക്കപ്പെട്ടിട്ടുള്ള രീതിക്ക് ഭിന്നമായ ബിംബങ്ങളും ചിത്രങ്ങളും സർക്കാർ ചടങ്ങിൽ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെങ്കിൽ അപ്രകാരമുള്ള ഉപദേശം മന്ത്രിസഭ സ്വീകരിച്ച് ഗവർണർക്ക് നൽകണമെന്നാണ് ശുപാർശ. പൊതുഭരണ വകുപ്പും നിയമ വകുപ്പും ഇക്കാര്യം പരിശോധിക്കണമെന്നും ശുപാർശയിലുണ്ട്. ഇരുവകുപ്പുകളുടെയും അഭിപ്രായം ചീഫ് സെക്രട്ടറി തേടിയിരിക്കയാണ്. മന്ത്രി പ്രസാദ് ചടങ്ങ് ബഹിഷ്കരിച്ച വിവരം മന്ത്രിസഭയിൽ റിപ്പോർട്ട് ചെയ്യുകയും നിലപാടിനെ മുഖ്യമന്ത്രി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രിയിൽനിന്ന് കടുത്ത പ്രതികരണമൊന്നും ഉണ്ടായില്ല.
ഗവർണറുമായി നല്ലബന്ധം തുടരണമെന്ന താത്പര്യമാണ് സർക്കാരിനുള്ളത്. മന്ത്രിസഭയായിരിക്കും അന്തിമ തീരുമാനമെടുക്കുക. പ്രത്യേക പ്രൊട്ടക്കോൾ ഇല്ലാത്ത പൊതുചടങ്ങുകൾ രാജ്‌ഭവനിൽ നടക്കുമ്പോൾ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചനയുണ്ടാകുമെന്ന് രാജ്ഭവൻ വ്യക്തമാക്കിയിട്ടുണ്ട്. ഭാരതാംബയുടേതെന്ന രീതിയിൽവെച്ച ചിത്രം ഒരു സംഘടനയുടെ യോഗത്തിന് പതിവായി ഉപയോഗിക്കുന്നതായതിനാലും കൊടി പ്രത്യക്ഷത്തിൽ വിഭാഗീയമായി തോന്നിയതിനാലുമാണ് ചിത്രം ഒഴിവാക്കണമെന്ന് കൃഷി മന്ത്രി രാജ്ഭവനെ അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആ കൊടിയില്ലാതെ വെക്കാമെന്ന് തലേന്ന് വൈകി അറിയിപ്പ് കിട്ടിയെങ്കിലും ചിത്രത്തിൽ രാഷ്ട്രീയ പ്രാധാന്യമുള്ള ബിംബങ്ങൾ (ഉദാ. താമര) ഉള്ളതിനാൽ യോഗം മാറ്റാൻ മന്ത്രി നിർദേശിക്കുകയായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.