തിരുവനന്തപുരം : പാർട്ടിനയത്തിനു വിരുദ്ധമായി വിദേശ സർവകലാശാലയുടെ സാധ്യത പരിശോധിക്കാനുള്ള ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിൽനിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു. ബജറ്റ് നിർദേശം നടപ്പാക്കുന്നതിൽ പിടിവാശിയില്ലെന്നാണ് പ്രശ്നത്തിൽ ഇടപെട്ട സി.പി.എം. കേന്ദ്രനേതൃത്വത്തോട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുടെ വിശദീകരണം.
‘വിദേശസർവകലാശാല’യിൽ രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥതലത്തിൽ വന്ന നിർദേശമെന്ന നിലയിൽ ഉൾപ്പെടുത്തിയെന്നുമാണ് വാദം. തുടർന്ന്, കേരളത്തിൽ മാത്രമായുള്ള എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുന്നതും വിദേശ സർവകലാശാലയിലുള്ള തുടർനടപടികളും പി.ബി. പരിഗണനയ്ക്കുവിടാൻ സി.പി.എം. തീരുമാനിച്ചു. വിദേശ സർവകലാശാലാ പ്രഖ്യാപനത്തിൽ പി.ബി.ക്കുമുമ്പാകെ പരാതികൾ എത്തിയിരുന്നു. പാർട്ടിയിലോ മുന്നണിയിലോ പ്രാരംഭചർച്ചപോലും നടന്നിട്ടില്ലെന്നാണ് വിമർശനം ഉയരുന്നത്.