കോന്നി : അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട 108 ആംബുലൻസ് സംവിധാനം നിസാര കാര്യങ്ങൾക്ക് പോലും പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞയക്കുന്നത് 108 ആംബുലൻസ് സേവനത്തെ സാരമായി ബാധിക്കുന്നു. അപകടങ്ങൾ പോലെ ഉള്ള അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് 108 ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തേണ്ടത്. പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് കൂടുതലും ഗുരുതരാവസ്ഥയിലായ രോഗികളെ കൊണ്ടുപോകുന്നത്. എന്നാൽ ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകേണ്ട രോഗികളെ പോലും കിടക്ക ഒഴിവില്ല എന്ന കാരണത്താൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നതാണ് ജില്ലാ ആശുപത്രിയിലെ ഇപ്പോഴത്തെ രീതി. ഇതിനാൽ തന്നെ അടിയന്തിര സാഹചര്യങ്ങളിൽ 108 ആംബുലൻസ് സേവനം ജനങ്ങൾക്ക് ലഭ്യമാകാതെ വരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രണ്ട് 108 ആംബുലൻസുകൾ ആണ് നിലവിൽ ഉള്ളത്. ഇവ മാത്രമല്ല ജില്ലയിലെ കോന്നി, ചിറ്റാർ, ഏനാദിമംഗലം, അടൂർ, വെച്ചൂച്ചിറ തുടങ്ങി ജില്ലയിലെ പല സ്ഥലങ്ങളിലെയും ആംബുലൻസുകൾ ഈ രീതിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞ് വിടുകയാണ് ചെയ്യുന്നത്. ഈ നില തുടർന്നാൽ ജില്ലയിൽ ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അപകടങ്ങളിൽ പോലും ഉപയോഗപെടുത്തുവാൻ 108 ആംബുലൻസുകൾ ഇല്ല എന്നതാവും സ്ഥിതി. 80 കിലോമീറ്റർ വേഗത നിജപ്പെടുത്തിയിരിക്കുന്ന ആംബുലൻസുകളിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരുവാൻ 68 കിലോമീറ്ററോളം യാത്ര ചെയ്യണം.
പരമാവധി വേഗതയിൽ പോയാൽ ഒന്നര മണിക്കൂർ കൊണ്ട് കോട്ടയത്ത് ഒരു രോഗിയെ എത്തിച്ച് തിരികെ വരുന്ന ആംബുലൻസിന് തിരികെ ഈ പരിഗണന കിട്ടാതെ വരുന്നതിനാൽ ഏകദേശം മൂന്ന്മണിക്കൂർ വേണം പത്തനംതിട്ട എത്തുവാൻ. ഇതിനിടെ പത്തനംതിട്ടയിൽ അടിയന്തിര സാഹചര്യം ഉണ്ടായാൽ ഈ രോഗിയെ കോട്ടയത്ത് എത്തിക്കുവാൻ കഴിയാതെ വരുന്നു. സാമ്പത്തിക സ്ഥിതി ഉള്ള രോഗികളെ പോലും ഈ രീതിയിൽ കൊണ്ടുപോകുന്നുണ്ട്. രാവിലെ മുതൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓരോ അഞ്ചു മിനിറ്റ് കൂടുമ്പോഴും വരുന്ന ചെറുതും വലുതുമായ കേസുകൾ രോഗത്തിന്റെ തീവ്രത നോക്കാതെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയക്കുന്നത് സേവനം കിട്ടേണ്ട രോഗികളോടുള്ള അനീതി ആണെന്നും ആക്ഷേപം ഉയരുന്നു