എരുമേലി : 44 ലക്ഷം രൂപ ചെലവിട്ട് എരുമേലിയില്‍ നിര്‍മ്മിച്ച വില്ലേജ് ഓഫീസ് കെട്ടിടം കാടുകയറി നശിക്കുന്നു. ഇപ്പോള്‍ ഉള്ള എരുമേലി വില്ലേജ് ഓഫീസ് കെട്ടിടം ഒരു ചെറിയ മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായുള്ള ദുരിതത്തെ തുടര്‍ന്നാണ് പുതിയ കെട്ടിടം വേണമെനന്ന ആവശ്യം ഉയര്‍ന്നത്. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഷോപ്പിങ്ങ് കോംപ്ലക്സിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് വര്‍ഷങ്ങളായി വില്ലേജ് ഓഫിസ് പ്രവര്‍ത്തിച്ചു വരുന്നത്. പ്രായമായവരും മറ്റും ഏറെ ബുദ്ധിമുട്ടിയാണ് നടകള്‍ കയറി രണ്ടാം നിലയിലെ ഓഫീസിലെത്തുന്നത്. ഇവിടെ അസൗകര്യങ്ങള്‍ ഏറെയാണ്. പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് നിര്‍മ്മിച്ചത് ടൗണിന് അടുത്ത് പൊതുമരാമത്ത് റസ്റ്റ് ഹൗസ് സ്ഥലത്താണ്. കഴിഞ്ഞ വര്‍ഷമാണ് കെട്ടിടം നിര്‍മ്മിച്ചത്.
പത്ത് സെന്റ് സ്ഥലം ഇവിടെ കലക്ടര്‍ ഏറ്റെടുത്ത് ആയിരുന്നു നിര്‍മ്മാണം. സ്ഥലം ഏറ്റെടുക്കുമ്പോള്‍ പൊതു വിജ്ഞാപനം പുറപ്പെടുവിച്ചതാണ്. അപ്പോഴൊന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നില്ല. കെട്ടിടം പണി തീര്‍ത്ത് ഉദ്ഘാടന തീയതി നിശ്ചയിച്ച് നോട്ടീസ് പുറത്തിറങ്ങി കഴിഞ്ഞാണ് ഹൈക്കോടതിയില്‍ കേസ് വരുന്നത്. പശ്ചിമ ദേവസ്വം വക സ്ഥലം ആണ് ഇതെന്നാണ് കേസില്‍ ഉന്നയിച്ചത്. ഇതേതുടര്‍ന്ന് ഉദ്ഘാടനം നടത്തരുതെന്ന് നിര്‍ദ്ദേശം വന്നു. കേസില്‍ അന്തിമ തീര്‍പ്പ് ആകാതെ തുടര്‍ നടപടികളുണ്ടാകില്ല. ഓഫിസ് തുറക്കണമെന്ന നാടിന്റെ പൊതു വികാരം ഹൈക്കോടതിയെ അറിയിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇതിനായി പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആവശ്യം ശക്തമായി.