ഇടുക്കി: തങ്കമണിയിൽ 24 പവൻ സ്വർണം പണയം വച്ച് പണം തട്ടിയെന്ന സൈനികന്റെ പരാതിയിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്‌തു. അച്ചൻകാനം സ്വദേശിയായ ബിൻസി ജോസ് ആണ് അറസ്റ്റിലായത്. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി അംബികയെയും പോലീസ് അറസ്റ്റ് ചെയ്‌തു. ബിൻസിയുടെ മകൻ അഭിജിത്ത് ആസാം റൈഫിൾസിൽ സൈനികനാണ്. ബിൻസിയ്‌ക്കും ഭർത്താവിനുമൊപ്പം ഒരു വീട്ടിലാണ് അഭിജിത്തിന്റെ ഭാര്യയും കഴിഞ്ഞിരുന്നത്. അഭിജിത്തിന്റെ ഭാര്യയുടെ 14 പവൻ സ്വർണം ബിൻസി പല തവണയായി പണയം വച്ചു.
ഇതോടൊപ്പം തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഇവരുടെ മകളുടെ പത്ത് പവൻ സ്വർണവും പണയം വച്ചു. ഇങ്ങനെ കിട്ടിയ 12 ലക്ഷത്തോളം രൂപ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ബിൻസി മറുപടി നൽകിയില്ല. ഇന്നലെ സ്വർണം കാണാതായതോടെ അഭിജിത്തിന്റെ ഭാര്യ ബിൻസിയോട് ചോദിച്ചിരുന്നു. ഭർത്താവ് ഉൾപ്പെടെ പലതവണ ചോദിച്ചപ്പോഴാണ് സ്വർണം പണയം വച്ചവിവരം ഇവർ തുറന്നുപറയുന്നത്. തുടർന്ന് അഭിജിത്ത് പോലീസിൽ പരാതി നൽകി. ഇതോടെ ബിൻസി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനാണ് കോടതി നിർദേശം നൽകിയത്. ഇതിന് പത്ത് ദിവസത്തെ സമയവും അനുവദിച്ചു. എന്നിട്ടും ഹാജരാകാതെ വന്നതോടെയാണ് ഇന്നലെ വണ്ടിപ്പെരിയാറിന് സമീപത്തുവച്ച് എസ്‌എച്ച്‌ഒയും സംഘവും ഇവരെ പിടികൂടിയത്.