ഇരവിപേരൂർ : പഞ്ചായത്തിൽ വീണ്ടെടുത്ത തോടുകളും ചാലുകളും കാടുമൂടി നീരൊഴുക്ക് നിലയ്ക്കുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ നാശോന്മുഖമായി കിടന്നിരുന്ന ജലസ്രോതസ്സുകളിൽ പലതും വൃത്തിയാക്കിയെടുത്തിരുന്നു. കാലവർഷസമയത്തുണ്ടാകുന്ന ദുരിതം തടയാനാണ് ഇത്തരം പ്രവൃത്തി നടത്തിയത്. എന്നാൽ പായലും മാലിന്യവും നിറഞ്ഞ് വീണ്ടുമിവ ഉപയോഗശൂന്യമായി. പോളകൾ നീക്കി ആഴംകൂട്ടി വൃത്തിയാക്കിയവയിൽ ചിലത് മാലിന്യവാഹിനികളായി. വെള്ളപ്പൊക്കത്തെത്തുടർന്ന് മണ്ണൊഴുകി കയറുന്നതും മാലിന്യം തള്ളുന്നതുമാണ് പ്രശ്നം.
ആറ്റുവെള്ളം ഒഴുകിമാറിയിരുന്ന തോടുകൾ മുഴുവനായി വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. മോണോത്തോട്ടിൽ നീരൊഴുക്ക് നിലച്ചിട്ട് വർഷങ്ങളായി. പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകൾ മുങ്ങുന്നതിന് പ്രധാന കാരണം ഇതാണ്. വരാച്ചാൽ അടക്കം ഇഞ്ചക്കാടുകൾ വളർന്നുമൂടിയനിലയാണ്. കൈയേറ്റത്തിന് വിധേയമായി ഒഴുക്കുനിലച്ചിട്ട് വർഷങ്ങളായി. ഇവയൊക്കെ വീണ്ടെടുത്താൽ പ്രളയക്കെടുതി ഒഴിവാകും. ഇതിനൊപ്പം ടി.കെ. റോഡിലെ ഓടകളും വൃത്തിയാക്കേണ്ടതുണ്ട്. മാലിന്യം നിറഞ്ഞ അവസ്ഥയിലാണിവ. തോട്ടഭാഗംമുതൽ വള്ളംകുളംവരെ മൂന്നുകിലോമീറ്ററോളം ദൂരത്തിൽ ഇന്നിതിന്റെ സ്ഥാനം എവിടെയാണെന്ന് തരിച്ചറിയാൻ കഴിയുന്നില്ല.
തോട്ടഭാഗം പള്ളിക്ക് സമീപം ഓടയിലൂടെ പോകേണ്ട വെള്ളം പാതയിലൂടെ ഒഴുകുന്നത് വെള്ളക്കെട്ടിന് ഇടയാക്കുന്നു. വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെയാണ് ഇവയിൽ മാലിന്യം തള്ളുന്നത്. കാലവർഷത്തിൽ നാടാകെ മുങ്ങുന്നനിലയിലെത്തും. ആണ്ടുതോറും ദുരിതാശ്വാസക്യാമ്പിൽ കഴിയേണ്ട അവസ്ഥയിലുമാകും. വികസനത്തിന്റെ പേരിൽ മണ്ണിട്ടുനികത്തി കരഭൂമിയാക്കിയതും ഇതിൽ നടത്തിയ നിർമാണങ്ങളും പ്രശ്നത്തിന്റെ ആഴംകൂട്ടി. ആഴംകൂട്ടി വൃത്തിയാക്കുന്ന പണികൾ പലയിടത്തും നടത്തിയിട്ടും ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.